കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന് ഹൂതികള്‍; പ്രതികരിക്കാതെ സൗദി

ദക്ഷിണ ചെങ്കടലിലെ പ്രധാന ദ്വീപുകള്‍ പിടിച്ചെടുത്തതായും ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്

റിയാദ്: സൗദി അറേബ്യയിലെ കിങ് ഖാലിദ് വ്യോമത്താവളം ആക്രമിച്ചെന്ന അവകാശവാദവുമായി യെമനിലെ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍. ഖാമിസ് മുഷൈത്തില്‍ സ്ഥിതി ചെയ്യുന്ന വ്യോമത്താവളത്തില്‍ ബാലിസ്റ്റിക്ക് മിസൈല്‍ ആക്രമണമാണ് നടത്തിയതെന്നും ഹൂതികള്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല. തന്ത്രപ്രധാനമായ ബാബ് അല്‍ മാന്‍ദേബ് ജലപാതയുടെ നിയന്ത്രണം കൂടുതല്‍ ശക്തമാക്കി, ദക്ഷിണ ചെങ്കടലിലെ പ്രധാന ദ്വീപുകള്‍ പിടിച്ചെടുത്തതായും ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗദിയുടെ പിന്തുണയോടെ യെമന്‍ സര്‍ക്കാര്‍ സേന ആക്രമണങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് ദക്ഷിണ ചെങ്കടലിലെ ഹാനിഷ് ദ്വീപുകള്‍ ഹൂതികള്‍ പിടിച്ചെടുത്തത്. സൗദിയുടെ എണ്ണ പൈപ്പ്‌ലൈനില്‍ ഹൂതികള്‍ ആക്രമണം നടത്തിയതോടെ ആഗോള എണ്ണവിതരണത്തില്‍ വലിയ ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

അതേസമയം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ഓസ്ട്രിയയിലെ യുഎന്‍ ആണവ ഏജന്‍സി ആസ്ഥാനത്ത് നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഇറാന്റെ പ്രതിനിധിയെ തടഞ്ഞു. തലസ്ഥാനമായ വിയന്നയില്‍ എത്തിയ മുഹമ്മദ് ഇസ്ലാമിയെയും മറ്റ് പ്രതിനിധി സംഘത്തെയുമാണ് തടഞ്ഞത്. സംഭവത്തില്‍ ഇറാന്റെ വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇറാന്റെ പ്രതിനിധി സംഘത്തിന് വിസ അനുവദിക്കാത്തത് അന്യായമായ തീരുമാനമാണെന്നാണ് വിദേശകാര്യ വക്താവ് ഇസ്മായീൽ ബാഗേയ് പറഞ്ഞു. അമേരിക്കന്‍ സമ്മര്‍ദത്തിലാണ് ഈ തീരുമാനമെന്നത് വ്യക്തമാണെങ്കിലും ഓസ്ട്രിയന്‍ സര്‍ക്കാരിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: The Houthis claimed that they targeted Saudi Arabia’s King Khalid Air Base, while Saudi authorities did not immediately comment on the claim

To advertise here,contact us