ബെയ്ജിംഗ്: മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് അതിശക്തമായ എഐ മോഡലുകൾ പുറത്തുകടക്കുകയും ഒടുവിൽ മനുഷ്യവംശത്തിന്റെ തന്നെ നിലനിൽപ്പിന് ഭീഷണിയാകുകയും ചെയ്യാമെന്ന പ്രമുഖ യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്പനിയായ ആന്ത്രോപിക്കിലെ ഗവേഷകരുടെ മുന്നറിയിപ്പ് വരുന്നതിന് മുമ്പേ ചൈന ഈ വിഷയം ഗൗരവമായി എടുത്തിരുന്നുവെന്ന് റിപ്പോർട്ട് . സമാനമായ അപകടസാധ്യതകൾ മുൻനിർത്തി ചൈനയിലും ഇതിനോടകം തന്നെ മുന്നൊരുക്കങ്ങൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.
മനുഷ്യന്റെ ഫലപ്രദമായ നിയന്ത്രണത്തിൻ്റെ പരിധിയിൽ നിന്ന് നൂതന എ ഐ സംവിധാനങ്ങൾ പുറത്തുകടക്കാനുള്ള സാധ്യതയെ ചൈനീസ് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ ചൈന മുന്നോട്ടുവെയ്ക്കുന്ന നിയന്ത്രണ ചട്ടക്കൂടുകളും ഔദ്യോഗിക പ്രസ്താവനകളും വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തൽ. സാധാരണ ചാറ്റ്ബോട്ടുകളേക്കാൾ കൂടുതൽ സ്വയം നിയന്ത്രണത്തോടെ പ്രവർത്തിക്കുകയും സങ്കീർണമായ ജോലികൾ നിർവഹിക്കുകയും ചെയ്യുന്ന എഐ ഏജന്റുകൾക്കായി ചൈന കൂടുതൽ വ്യക്തമായ നിയമങ്ങളും മാർഗനിർദേശങ്ങളും രൂപപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. മേയിൽ ചൈനീസ് സൈബർസ്പേസ് റെഗുലേറ്റർ ഇത്തരം സംവിധാനങ്ങളെ ലക്ഷ്യമിട്ട് സംയുക്ത മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. എഐ ഏജന്റുകളുടെ അനുചിതമായ പ്രവർത്തനങ്ങൾ കണ്ടെത്താനും ഇടപെടാനും തടയാനും വീണ്ടെടുക്കാനും കഴിയുന്ന സംവിധാനങ്ങൾ ഡെവലപ്പർമാർ ശക്തിപ്പെടുത്തണമെന്ന് മാർഗനിർദേശങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ഡാറ്റ പോയിസണിങ്, അൽഗോരിതം കൃത്രിമമായി മാറ്റിമറിക്കൽ, സിസ്റ്റത്തിലെ സുരക്ഷാ ദൗർബല്യങ്ങൾ, ‘പ്രവർത്തനപരമായ നിയന്ത്രണം നഷ്ടപ്പെടൽ’ എന്നിവയെ സുരക്ഷാ അപകടസാധ്യതകളായി മാർഗനിർദേശങ്ങൾ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. എഐ ഏജന്റിന്റെ സ്വയം നിയന്ത്രിത തീരുമാനങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഉപയോക്താവിന്റെ കൈകളിൽ തന്നെ തുടരണമെന്നും നിർദേശങ്ങളിൽ പറഞ്ഞിരുന്നു.
മുൻനിര യുഎസ് ക്ലോസ്ഡ് സോഴ്സ് മോഡലുകളുടെ അപകടസാധ്യത ചൈന നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. ആന്ത്രോപിക്കിന്റെ Mythos, ഓപ്പൺഎഐയുടെ GPT-5.5-Cyber തുടങ്ങിയ നൂതന യുഎസ് എഐ മോഡലുകൾ ചൈനയുടെ നിർണായക അടിസ്ഥാന വിവര സൗകര്യങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്താൻ സാധ്യതയുണ്ടെന്ന് ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രി ചെൻ യിഷിൻ ഞായറാഴ്ച സർക്കാർ പ്രസിദ്ധീകരണത്തിൽ എഴുതിയിരുന്നു. എഐ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എഐയുടെ ‘നിയന്ത്രണം നഷ്ടപ്പെടാനുള്ള’ സാധ്യത ചൈനീസ് നിയന്ത്രണ ഏജൻസികൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന 2024 സെപ്റ്റംബറിൽ പുറത്തിറക്കിയ മാർഗനിർദേശത്തിലെ എഐ സുരക്ഷാ ചട്ടക്കൂടിലാണ്ഭ ഭിവിയിൽ എഐയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യം ചൈന ആദ്യമായി വ്യക്തമായി ഉൾപ്പെടുത്തിയത്. സ്വതന്ത്രമായി ബാഹ്യ വിഭവങ്ങൾ കൈവശപ്പെടുത്താനും സ്വയം പകർത്താനും ആത്മബോധം വികസിപ്പിക്കാനും അധികാരവും വിഭവങ്ങളും തേടാനും കഴിയുന്ന സാഹചര്യം ഭാവിയിലെ എഐ സംവിധാനങ്ങൾ കൈവരിക്കുമെന്നത് പൂർണമായും തള്ളിക്കളയാനാകില്ലെന്ന് രേഖയിൽ വ്യക്തമാക്കിയിരുന്നു. മനുഷ്യരും എഐയും തമ്മിൽ നിയന്ത്രണത്തിനായുള്ള മത്സരത്തിലേക്ക് അത്തരമൊരു സാഹചര്യം നയിച്ചേക്കാമെന്നും ചട്ടക്കൂട് മുന്നറിയിപ്പ് നൽകി. 2025 സെപ്റ്റംബറിൽ സിഎസി ഇതിന്റെ വിപുലീകരിച്ച പതിപ്പ് പുറത്തിറക്കിയിരുന്നു.
എ ഐയുമായി ബന്ധപ്പെട്ട മനുഷ്യന്റെ നിയന്ത്രണം ഉറപ്പാക്കണമെന്ന നിലപാടാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും മുന്നോട്ട് വെച്ചത്. എ ഐയിൽ നിന്ന് ഉണ്ടാകാവുന്ന നേരിട്ടുള്ളതും അനുബന്ധവുമായ അപകടസാധ്യതകൾക്ക് അധികൃതർ പ്രത്യേക ശ്രദ്ധ നൽകണമെന്നായിരുന്നു ജൂലൈയിൽ ഷാങ്ഹായിയിൽ നടന്ന വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മുന്നോട്ടുവെച്ചിരുന്നു. എ ഐ എപ്പോഴും മനുഷ്യന്റെ നിയന്ത്രണത്തിൽ തന്നെ തുടരണമെന്നും ഷി ജിൻപിങ് നിർദ്ദേശിച്ചിരുന്നു. ചൈന വിപുലമായ എ ഐ നിയമനിർമാണത്തിനായുള്ള ഗവേഷണം വേഗത്തിലാക്കുകയാണെന്ന് എഐ വിഷയങ്ങളുടെ ചുമതലയുള്ള ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ സൺ ഷിയാബോ കഴിഞ്ഞ മാസം ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പറഞ്ഞു. സൈനിക ആവശ്യങ്ങൾക്കായുള്ള എഐയെ വളരെ ജാഗ്രതയോടെ സമീപിക്കണമെന്ന് ചൈനയുടെ യുഎന്നിലെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി സൺ ലെയ് ഈ മാസം അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
ഫ്രണ്ടിയർ എഐയുടെ വികസനത്തിലും ഈ സാങ്കേതികവിദ്യയുടെ ആഗോള വ്യാപനത്തിലും മേൽക്കൈയുള്ള പ്രധാന രാജ്യങ്ങൾ യുഎസും ചൈനയുമാണ്. എ ഐ നയങ്ങളും വ്യവസായ രംഗത്തെ നടപടികളും സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ സമീപകാലത്ത് കൂടുതൽ രൂക്ഷമായിട്ടുണ്ട്. ഈ വിഷയങ്ങൾ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചകളിലും ഉയർന്ന് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlights: China is preparing measures to address the potential risks of artificial intelligence systems escaping human control, according to a report.