യെമനിലെ ആഭ്യന്തര സംഘർഷത്തിൽ സൈനിക പരിഹാരമല്ല വേണ്ടത്, രാജ്യത്തിന്റെ ഭാവി യെമൻ ജനത തന്നെ തീരുമാനിക്കണം: ഇറാൻ

ഗൾഫ് രാജ്യങ്ങളുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ച യെമൻ വിഷയം ചർച്ച ചെയ്യുന്നതിനായി മാത്രമുള്ളതല്ലെന്ന് അബ്ബാസ് അരാ​ഗ്ചി

സന: യെമനിലെ ആഭ്യന്തര സംഘർഷത്തിൽ സൈനിക പരിഹാരമല്ല വേണ്ടെതെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാ​ഗ്ചി. യെമൻ വിഷയത്തിൽ ഇറാൻ്റഖെ നിലപാട് വ്യക്തമാണെന്നും അരാ​ഗ്ചി പ്രതികരിച്ചു. അൽ-അറബി അൽ-ജദീദിന് നൽകിയ അഭിമുഖത്തിലാണ് അരാ​ഗ്ചിയുടെ പ്രതികരണം. 'യെമൻ പ്രശ്നത്തിന് സൈനിക പരിഹാരമില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. ഈ രാജ്യത്തിന്റെ ഭാവി യെമൻ ജനത തന്നെ തീരുമാനിക്കണം. അതിനായി സംഭാഷണത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ പ്രക്രിയയിലൂടെയും മുന്നോട്ട് പോകണം' എന്നായിരുന്നു അരാ​ഗ്ചി പ്രതികരിച്ചത്. ഗൾഫ് രാജ്യങ്ങളുമായി തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ച യെമൻ വിഷയം ചർച്ച ചെയ്യുന്നതിനായി മാത്രമുള്ളതല്ലെന്നും അരാ​ഗ്ചി വ്യക്തമാക്കി. എന്നാൽ മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിക്സ് ഉച്ചകോടിക്കിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ മികച്ച ആശയവിനിമയം നടന്നതായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനും പ്രതികരിച്ചു. ഭൂതകാലം മാറ്റിവെച്ച് നല്ലൊരു ഭാവി കെട്ടിപ്പടുക്കാൻ ധാരണയായി എന്നും പെസഷ്കിയാനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ തസ്‌നിം റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെ ഹോർമൂസ് വിഷയത്തിൽ ഗൾഫ് രാജ്യങ്ങൾ ഇറാനുമായി ചർച്ച നടത്തുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് അമേരിക്കൻ പ്രസി‍ഡൻ്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. റിപ്പബ്ലിക് ഓഫ് അയർലൻഡിലെ ഡൂൺബെഗിലെ ഗോൾഫ് റിസോർട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമൂസ് കടലിടുക്കിനെക്കുറിച്ച് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തണമോയെന്നത് ഗൾഫ് രാജ്യങ്ങളുടെ തീരുമാനമാണെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഒരു കരാറിനായി ശക്തമായി ആ​ഗ്രഹിക്കുന്നുവെന്ന വാദവും ട്രംപ് ആവർത്തിച്ചു. 'ഇറാൻ ഒരു കരാറിനായി വളരെ ശക്തമായി ആഗ്രഹിക്കുന്നു. അവർ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. അവർക്ക് കരാർ വേണം. എന്നാൽ ശരിയായ കരാറായിരിക്കണം അത്. നല്ലതല്ലാത്ത ഒരു കരാറിൽ ഞാൻ ഒപ്പുവയ്ക്കില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. നവംബർ 3ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് അല്ലെങ്കിൽ അതിന് തൊട്ടുപിന്നാലെ യുദ്ധം അവസാനിക്കുമെന്നു അവകാശവാദവും ട്രംപ് ആവർത്തിച്ചു. അതോടെ പെട്രോൾ വില കുത്തനെ കുറയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ ഹൂതികളുമായുള്ള പേരാട്ടത്തിൽ 500ലധികം യെമൻ സൈനികർ കൊല്ലപ്പെട്ടതായി സർക്കാർ അനുകൂല സേന വ്യക്തമാക്കി. ഹൂതികൾക്കെതിരായ ഏറ്റുമുട്ടലുകളിൽ 500ലധികം യെമൻ സൈനികർ കൊല്ലപ്പെടുകയും ഏകദേശം 1,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് സർക്കാർ അനുകൂല നാഷണൽ റെസിസ്റ്റൻസ് ഫോഴ്‌സ് അറിയിച്ചത്. യെമനിലെ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിലാണ് സേന ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 10 വരെ യെമന്റെ പടിഞ്ഞാറൻ തീരത്ത് നടന്ന പോരാട്ടത്തിലെ കണക്കുകളാണിത്.ഏറ്റുമുട്ടലിൽ ഹൂതികൾക്ക് സംഭവിച്ച ആൾനാശം ഇതിലും വളരെ കൂടുതലാണെന്നും നാഷണൽ റെസിസ്റ്റൻസ് ഫോഴ്‌സ് അവകാശപ്പെട്ടിട്ടുണ്ട്. ഇതിനിടെ യെമൻ സർക്കാർ സേനയും ഹൂതി വിഭാഗവും തമ്മിൽ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് കഴിഞ്ഞ ഒരു മാസമായി തുടരുന്ന ഏറ്റുമുട്ടലിൽ ഇരുവിഭാഗങ്ങളിലുമായി 1,500ലധികം പോരാളികൾ കൊല്ലപ്പെട്ടതായും റിപ്പോർട്ട്. ഹൂതികൾ യെമന്റെ തെക്കും വടക്കുമുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ രണ്ട് പ്രധാന ശക്തികേന്ദ്രങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്നതിനിടെ ഇരുവിഭാ​ഗവും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുകയാണ്.

ഇതിനിടെ ഇറാഖിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദി എണ്ണ പൈപ്പ്‌ലൈന് സംഭവിച്ച തകരാ‍ർ ആഗോള എണ്ണ വിതരണത്തിന്റെ നാല് ശതമാനത്തെ വരെ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പുണ്ട്. സൗദി അറേബ്യയിലെ എണ്ണ പൈപ്പ്‌ലൈൻ പ്രവർത്തനം നിലച്ചത് ഏതാനും ദിവസങ്ങൾക്കുള്ളിൽ പുനഃസ്ഥാപിക്കാനായില്ലെങ്കിൽ ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 4 ശതമാനത്തെ ബാധിച്ചേക്കുമെന്ന് സൗദി എണ്ണ വാങ്ങുന്നവരും വ്യാപാരികളും മുന്നറിയിപ്പ് നൽകിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പമ്പിങ് പുനരാരംഭിക്കാൻ വൈകിയാൽ കയറ്റുമതിക്കായി സൂക്ഷിച്ചിരിക്കുന്ന എണ്ണശേഖരം തീർന്നേക്കുമെന്നാണ് എണ്ണ വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇറാഖ് ഭാഗത്തുനിന്ന് നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് വെള്ളിയാഴ്ച സൗദി അറേബ്യ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അടച്ചുപൂട്ടുകയായിരുന്നു. കേടുപാടുകൾ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് വ്യക്തമല്ല.

Content Highlights: Iranian Foreign Minister Abbas Araghchi said the Yemen crisis has no military solution and stressed that the country's future should be determined by Yemenis through dialogue and an inclusive political process

To advertise here,contact us