തെഹ്റാന്: അമേരിക്കന്‍ സൈനികരെ പിടികൂടുകയോ കൊല്ലുകയോ ചെയ്ത് കൈമാറുന്നവര്‍ക്ക് 30,000 ഡോളര്‍ (ഏകദേശം 5 ബില്യണ്‍ ഇറാനിയന്‍ റിയാല്‍) പാരിതോഷികമായി നല്‍കുമെന്ന് ഇറാന് സൈനിക മേധാവി അമീര്‍ ഹതാമി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്എന്എറിപ്പോര്ട്ടിനെ ഉദ്ധരിച്ച് എഎഫ്പി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ പങ്കാളിയാവാന്‍ നിരവധി പേര് താല്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ സൈനികനെ പിടികൂടുകയോ കൊല്ലുകയോ ചെയ്ത് കൈമാറുന്നവര്‍ക്ക് 30,000 ഡോളര്‍ സമ്മാനമായി ലഭിക്കും. സ്ത്രീകള്‍ക്കാണെങ്കില്‍ ഇരട്ടി തുകയായ 60,000 രൂപയും നല്‍കുമെന്നും ഹതാമി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമേരിക്കന്‍ സൈനികനെ കൊല്ലാന്‍ ഉപയോഗിക്കുന്ന ആയുധം അതിന്റെ ഇരട്ടി വിലയ്ക്ക് വാങ്ങുകയും പകരം പുതിയ ആയുധം നല്‍കുകയും ചെയ്യുമെന്ന് ഹതാമി പ്രഖ്യാപിച്ചു. ഉപയോഗിച്ച ആയുധം പിന്നീട് മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ സൈനിക ശക്തിയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ഇറാനുമായുള്ള യുദ്ധത്തില്‍ തുറന്നുകാട്ടപ്പെട്ടുവെന്നും ഹതാമി ആരോപിച്ചു.
അമേരിക്ക-ഇറാന് സംഘര്‍ഷത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ നിലവില്‍ ദുര്‍ബലമായ സ്ഥിതിയിലാണ്. പ്രശ്ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ ഏതാണ്ട് നിലച്ച മട്ടിലാണ്. ഇതിനിടെ പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെ, തകര്‍ന്നു വീണ ഒരു അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥനെ രക്ഷിക്കാനായി ഏപ്രിലില്‍ നടത്തിയ ദൗത്യമൊഴികെ, ഇറാനില്‍ യുഎസ് കരസേനയെ ഇതുവരെയും വിന്യസിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയില്‍ നിന്ന് പിന്മാറണമെന്ന ഇറാന്റെ ആവശ്യം ഹതാമി ആവര്‍ത്തിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫ്, ഗള്‍ഫ് ഓഫ് ഒമാന്‍, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളില്‍ പ്രവേശിക്കാന്‍ അവര്‍ക്ക് ഇനി അനുവാദമില്ലെന്നും ഹതാമി അവകാശപ്പെട്ടു.
ഏകദേശം 40 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ ഏപ്രിലിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. തുടര്‍ന്ന് ജൂണില്‍ സമാധാന ചര്‍ച്ചകള്‍ക്കുള്ള ഒരു തീരുമാനത്തിലെത്തിയെങ്കിലും അത് പരാജയപ്പെട്ടു. അതിനുശേഷം ഇറാനും അമേരിക്കയും തമ്മില്‍ ഇടയ്ക്കിടെ ഏറ്റുമുട്ടലുകള്‍ അരങ്ങേറുകയാണ്.
പ്രധാനമായും തെക്കന്‍ ഇറാനിലും ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമാണ് നിലവിലെ സംഘര്‍ഷങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. നയതന്ത്രപരമായ പുരോഗതിക്കുള്ള സാധ്യതകള്‍ അകലെയാണെങ്കിലും, മധ്യസ്ഥ രാജ്യങ്ങള്‍ വഴി ഇരുപക്ഷവും തമ്മില്‍ ആശയവിനിമയം തുടരുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുടെ ഒരു പട്ടികയും ഇറാന് മുന്നോട്ടുവെച്ചിട്ടുണ്ട്. യുദ്ധം തുടങ്ങിയതുമുതല്‍ ഇതുവരെ 17 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതില്‍ ഏറ്റവും ഒടുവിലത്തെ മരണങ്ങള് ജൂലൈയിലാണ് സംഭവിച്ചത്. ഇവരാരും ഇറാനില്‍ വെച്ചല്ല, മറിച്ച് ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലായി കൊല്ലപ്പെട്ടവരാണ്.
Content Highlights: Iran Army chief Amir Hatami has reportedly announced a $30,000 reward for capturing or killing a US soldier, with the bounty rising to $60,000 for Iranian women who carry out the act, amid ongoing tensions between Iran and the US