ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ ഇതുവരെ 53 പേർ മരിച്ചു. റോഡുകൾ തകർന്നതിനെയും വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടായതിനെയും തുടർന്ന് 5,000 ഓളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. ഭൂചലനത്തിൽ 130-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലർക്കും അസ്ഥികൾക്ക് ഒടിവ് സംഭവിച്ചത് ഉൾപ്പെടെയുള്ള ഗുരുതര പരിക്കുകളാണുള്ളതെന്നാണ് റിപ്പോർട്ട്.
2022-ൽ പടിഞ്ഞാറൻ ജാവയിൽ നൂറുകണക്കിന് ആളുകളുടെ ജീവൻ കവർന്ന ഭൂചലനത്തിന് ശേഷം ഇന്തോനേഷ്യയിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ശനിയാഴ്ച ഉണ്ടായ ഭൂചലനം. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സിക്ക മേഖലയിൽ 3,300-ലധികം പേർ സ്വയം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുകയോ കായിക സ്റ്റേഡിയത്തിൽ അഭയം തേടുകയോ ചെയ്തുവെന്നാണ് ദേശീയ ദുരന്തനിവാരണ ഏജൻസിയായ ബിഎൻപിബി അറിയിച്ചത്. ഭൂചലനത്തെ തുടർന്ന് തകർന്ന വീടുകൾക്കു പുറത്തായി ടാർപോളിൻ കെട്ടി ഒരുക്കിയ താൽക്കാലിക കൂടാരങ്ങളിലാണ് നിരവധി പേർ കഴിയുന്നത്. ചിലർ പ്രാദേശിക ആശുപത്രിക്ക് പുറത്തുള്ള താൽക്കാലിക മെഡിക്കൽ ക്യാമ്പിൽ ചികിത്സയിലാണെന്നും അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മൗമേറെയിലെ തുറമുഖത്തിന്റെ മേൽക്കൂരയും ചുമരുകളും തകർന്നുവീണതിനെ തുടർന്ന് അവിടമാകെ കെട്ടിടാവശിഷ്ടങ്ങൾ നിറഞ്ഞുകിടക്കുകയാണെന്നാണ് റിപ്പോർട്ട്. നിലവിൽ തുറമുഖം അടച്ചിരിക്കുകയാണ്. തുടർചലനങ്ങളെ ഭയന്ന് ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഭൂചലനത്തിന് ശേഷം ഏകദേശം ആയിരത്തോളം തുടർചലനങ്ങൾ രേഖപ്പെടുത്തിയതായാണ് ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കുന്നത്. മംഗ്ഗറായ്, ഈസ്റ്റ് മംഗ്ഗറായ്, നാഗെകിയോ ജില്ലകളിലാണ് ഭൂചലനത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തുന്നതിനായി മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കാണാതായവരെക്കുറിച്ചുള്ള ഔദ്യോഗിക പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും മണ്ണിടിച്ചിലും തുടർചലനങ്ങളും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
ദുരന്തബാധിത പ്രദേശങ്ങളിൽ 3,500-ലധികം സൈനികരെയും പൊലീസുകാരെയും വിന്യസിച്ചതായി കാബിനറ്റ് സെക്രട്ടറി ടെഡി ഇന്ദ്ര വിജയയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. വൈദ്യുതി വിതരണം ഭൂരിഭാഗവും പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും വിതരണ ശൃംഖല പൂർണമായും സാധാരണ നിലയിലാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണെന്നാണ് സംസ്ഥാന വൈദ്യുതി വിതരണ സ്ഥാപനമായ പെരുസഹാൻ ലിസ്ട്രിക് നെഗാരയെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. അതേസമയം ഈസ്റ്റ് നുസ ടെങ്കാര പ്രവിശ്യയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി ആവശ്യമായ ധനസഹായവും വിഭവങ്ങളും വേഗത്തിൽ വിനിയോഗിക്കാൻ അധികൃതർക്ക് സാധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Content Highlights: A powerful 7.7-magnitude earthquake struck eastern Indonesia, killing 53 people, injuring over 130, and forcing the evacuation of nearly 5,000 residents as landslides and blocked roads hampered rescue efforts.