എഐ മാനേജര്‍ സ്റ്റോറിലെ ജീവനക്കാരനെ പിരിച്ചുവിട്ടു; സംഭവം സാന്‍ ഫ്രാന്‍സിസ്‌കോയില്‍

23 ഷിഫ്റ്റുകളില്‍ 17 തവണ വൈകിയെത്തിയ ജീവനക്കാരനാണ് എഐ മാനേജര്‍ക്ക് അപ്രിയനായത്

സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റോറിന്റെ എഐ മാനേജര്‍ ജീവനക്കാരനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. സ്വന്തം ജോലി മറന്ന എഐ മാനേജരെ ഗവേഷകർ ചുമതലകൾ ഓര്‍മ്മിപ്പിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിക്കാനുള്ള നിർദ്ദേശം നൽകിയതെന്നതാണ് കൗതകകരം.

ആന്‍ഡണ്‍ ലാബ്‌സ് നടത്തുന്ന ആന്‍ഡണ്‍ മാര്‍ക്കറ്റ് എന്ന പരീക്ഷണ സ്റ്റോറിലെ ലൂണയെന്ന എഐ മാനേജറാണ് ജീവനക്കാരനെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തത്. 23 ഷിഫ്റ്റുകളില്‍ 17 തവണ വൈകിയെത്തിയ ജീവനക്കാരനാണ് എഐ മാനേജര്‍ക്ക് അപ്രിയനായത്. തുടര്‍ന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ശുപാര്‍ശ പരിശോധിച്ചശേഷം പിരിച്ചുവിടല്‍ നടപ്പാക്കി.

എന്നാല്‍ സംഭവത്തിലെ ശ്രദ്ധേയമായ കാര്യം, ലൂണ തന്നെയാണ് മാസങ്ങള്‍ക്ക് മുമ്പ് ജീവനക്കാരുടെ ഹാജര്‍ സംബന്ധിച്ച നയം രൂപീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ആ നയം കൃത്യമായി ഓര്‍ത്ത് നടപ്പാക്കാന്‍ എഐയ്ക്ക് കഴിഞ്ഞില്ല. ഇതോടെ പിരിച്ചുവിടുന്നതിന് മുമ്പ് ജീവനക്കാരന്‍ മാസങ്ങളോളം വൈകിയെത്തിയിട്ടും നടപടിയുണ്ടായില്ല. പിന്നീട് മറ്റ് ആന്‍ഡണ്‍ ലാബ്‌സ് ജീവനക്കാരോട് താന്‍ രൂപീകരിച്ച നയങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ലൂണ നിര്‍ദേശിച്ചു. മറ്റ് ജീവനക്കാരും പരിശോധിച്ച ശേഷമാണ് ലൂണ പിരിച്ചുവിടല്‍ ശുപാര്‍ശ ചെയ്തത്.

എഐ ഏജന്റിന് ഒരു യഥാര്‍ഥ ബിസിനസ് നടത്തുന്നതിനുള്ള ഉത്തരവാദിത്വം നല്‍കിയാല്‍ എന്ത് സംഭവിക്കുമെന്ന് പരിശോധിക്കുകയാണ് ആന്‍ഡണ്‍ മാര്‍ക്കറ്റ് പരീക്ഷണത്തിന്റെ ലക്ഷ്യം.

ആന്‍ഡണ്‍ ലാബ്‌സ് ലൂണയ്ക്ക് 1 ലക്ഷം ഡോളര്‍, കോര്‍പ്പറേറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് സൗകര്യം, മൂന്ന് വര്‍ഷത്തെ ലീസ് എന്നിവ നല്‍കി സ്റ്റോര്‍ ആരംഭിച്ച് ലാഭമുണ്ടാക്കാന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുക, വില നിശ്ചയിക്കുക, പ്രവര്‍ത്തന സമയം തീരുമാനിക്കുക, ബ്രാന്‍ഡിങ് തയ്യാറാക്കുക, ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നിരവധി കാര്യങ്ങളില്‍ എഐ ഇടപെടലുണ്ട്.

എന്നാല്‍ വില്‍പ്പന ഉണ്ടായിട്ടും സ്റ്റോര്‍ ഇതുവരെ ലാഭത്തിലെത്തിയിട്ടില്ല. മാര്‍ച്ചില്‍ 1 ലക്ഷം ഡോളറായിരുന്ന ബാങ്ക് ബാലന്‍സ് അഞ്ച് മാസത്തിനിടെ ഏകദേശം 61,186 ഡോളറായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

എഐ കൂടുതല്‍ ശക്തമാകുമ്പോള്‍ തൊഴില്‍രംഗം എങ്ങനെ മാറുമെന്ന് ഈ പരീക്ഷണം സൂചന നല്‍കുന്നതായി ആന്‍ഡണ്‍ ലാബ്‌സ് സിഇഓ ലൂക്കാസ് പീറ്റഴ്‌സണ്‍ പറയുന്നു. എന്നാല്‍ ലൂണയുടെ നടപടി നിലവിലെ എഐ സംവിധാനങ്ങളുടെ പരിമിതി തുറന്നുകാട്ടുന്നതാണ്.

Content Highlights: An AI manager named Luna at San Francisco’s experimental Andon Market recommended firing a human employee who was late for 17 of 23 shifts. However, researchers had to remind the AI of its own attendance policy before it made the decision, highlighting both the potential and limitations of AI in managing human workers

To advertise here,contact us