ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ഫ്ളോറസ് ദ്വീപിലുണ്ടായ വന്‍ ഭൂചലനത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി കെട്ടിടങ്ങളാണ് നിലംപതിച്ചതെന്ന് ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി വ്യക്തമാക്കി. ഫ്ളോറസ് ദ്വീപിന്റെ പല ഭാഗത്തും വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ആദ്യ പ്രകമ്പനത്തിന് ശേഷം തുടരെ വീണ്ടും രണ്ട് ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഈസ്റ്റ് നുസാ തെങ്കാരാ പ്രിശ്യയിലെ സിറ്റി ഓഫ് എന്റീയുടെ വടക്ക് - വടക്ക് പടിഞ്ഞാറ് ഭാഗത്തായി 68കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക ടെലിവിഷന്‍ ചാനലുകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ആശുപത്രികളില്‍ നിന്നും രോഗികളെ ഒഴിപ്പിക്കുന്നത് കാണാം. അത്യാവശ്യ ഘട്ടങ്ങളില്‍ താത്കാലിക ചികിത്സാ പ്രദേശങ്ങള്‍ സജ്ജീകരിക്കാനായി കട്ടിലും ഐവി സ്റ്റാന്റുകളും ഓക്സിജന്‍ സിലിണ്ടറുകളും ഉള്‍പ്പെടെ പുറത്തെത്തിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
17,000ത്തിലധികം ദ്വീപുകളുള്ള വിശാലമായ ദ്വീപസമൂഹമായ ഇന്തോനേഷ്യ, പസഫിക് മേഖലയിലെ അഗ്നിപര്‍വ്വതങ്ങളുടെയും ഭൗമപിളര്പ്പുകളുടെയും (Fault lines) നിരയായ 'റിംഗ് ഓഫ് ഫയറി'ല്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഭൂകമ്പങ്ങള്‍ക്കും അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയുള്ള പ്രദേശമാണ്. അതേസമയം, കടലിനടിയിലുണ്ടായ ഈ ഭൂകമ്പം മൂലം ഓസ്ട്രേലിയന്‍ പ്രധാന ഭൂപ്രദേശത്തോ ദ്വീപുകളിലോ മറ്റ് പ്രദേശങ്ങളിലോ സുനാമി ഭീഷണിയില്ലെന്ന് ഓസ്ട്രേലിയയുടെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
Content Highlights: A magnitude 7.7 earthquake struck off Indonesia’s Flores Island on Saturday, killing at least two people and damaging buildings and homes