ഹോർമൂസ് കടലിടുക്ക് പൂർണ നിയന്ത്രണത്തിൽ: അനുമതിയില്ലാതെ ഒരു കപ്പലും കടന്നുപോകില്ലെന്ന് ഇറാൻ സൈന്യം

സായുധ സേനയുടെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര സാധ്യമല്ലെന്നും ഇറാൻ്റെ പ്രതികരണം

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ കപ്പലുകൾ സാധാരണ രീതിയിൽ സഞ്ചരിക്കുന്നുവെന്ന അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ സൈന്യം. ഇറാന്റെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായി ഹോർമൂസ് കടലിടുക്ക് കടന്നുപോകാനാവില്ലെന്ന് സൈന്യം വ്യക്തമാക്കി. മുൻകാലങ്ങളിലേത് പോലെ ഹോർമൂസ് കടലിടുക്ക് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പൂർണ നിയന്ത്രണത്തിലും ഭരണനിർവഹണത്തിലുമാണ് എന്നായിരുന്നു ഖത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സിന്റെ വക്താവിനെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇറാന്റെ സായുധ സേനയുടെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ സുരക്ഷിതമായ യാത്ര സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) ബന്ധപ്പെട്ട ബസീജ് അർധസൈനിക വിഭാഗത്തിന്റെ കമാൻഡർ ഹൊസൈൻ തായിബും ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെട്ടിരുന്നു. ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ വിലയിരുത്തലുകൾ രഹസ്യാന്വേഷണത്തിലെ വീഴ്ചകളെ തുടർന്നുണ്ടായ തെറ്റായ കണക്കുകൂട്ടലുകളാണെന്ന ആരോപണവുമായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി രം​ഗത്തെത്തി. ഹോർമൂസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്ക ഇതിലും വലിയ തെറ്റായ വിലയിരുത്തൽ നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാന്റെ നിബന്ധനകൾ അംഗീകരിക്കാത്ത പക്ഷം സംഘർഷം ശക്തമാക്കാനുള്ള പരമോന്നത നേതാവിൻ്റെ തന്ത്രം ആഗോള ശക്തിസമവാക്യങ്ങളെ തന്നെ മാറ്റിമറിക്കുമെന്ന് മൊജ്തബ ഖമനയിയുടെ ഉപദേഷ്ടാവായ മുഹമ്മദ് മൊഖ്ബർ അഭിപ്രായപ്പെട്ടു. 'പേർഷ്യൻ ഗൾഫിലെ സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് തെളിഞ്ഞ സാഹചര്യത്തിൽ വാഷിങ്ടണിൻ്റെ സൈനിക ഉറപ്പുകൾക്ക് പുറത്തുള്ള ഹോർമൂസ് സാമ്പത്തിക-സുരക്ഷാ സംവിധാനം നടപ്പാക്കുന്നതാണ് പുതിയ പ്രാദേശിക ക്രമത്തിലേക്കുള്ള ദീർഘകാല പദ്ധതി'യെന്നാണ് അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.

ഹോർമൂസ് കടലിടുക്കിൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്കിടെയാണ് ഇറാൻ്റെ പ്രതികരണം വരുന്നത്. അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കുകയും സാമ്പത്തിക ഉപരോധങ്ങൾ എടുത്തുകളയുകയും മരവിപ്പിച്ചിട്ടുള്ള ഇറാന്റെ വിദേശ ആസ്തികൾ മോചിപ്പിക്കുകയും ചെയ്യുന്നതുവരെ ഹോർമൂസ് കടലിടുക്കിൽ പൂർണ തോതിലുള്ള കപ്പൽഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlights: Iran's military claims it has taken full control of the Hormuz Strait and warned that no vessel will be allowed to pass through the strategic waterway without its permission.

To advertise here,contact us