മൂന്ന് പതിറ്റാണ്ട് നീണ്ട ചൈനീസ് ബന്ധം അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്? ക്രമേണ പിന്മാറാൻ നീക്കമെന്ന് റിപ്പോർട്ട്

മൈക്രോസോഫ്റ്റിന്റെ ആഗോള വരുമാനത്തിൽ ചൈനയുടെ പങ്ക് വെറും 1.5 ശതമാനം മാത്രമാണെന്നാണ് 2024ലെ കണക്ക്

ബീജിങ്: ചൈനയിൽ നിന്ന് ക്രമേണ പിന്മാറാനുള്ള തന്ത്രമാണ് മൈക്രോസോഫ്റ്റ് പിന്തുടരുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയുടെ ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനി രേഖകൾ പ്രകാരം ചൈനയിലെ മൈക്രോസോഫ്റ്റിന്റെ കുറഞ്ഞത് 15 ശാഖകളും സംയുക്ത സംരംഭങ്ങളും അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് റോയിട്ടേഴ്സിൻ്റെ റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ ആഗോള വരുമാനത്തിൽ ചൈനയുടെ പങ്ക് വെറും 1.5 ശതമാനം മാത്രമാണെന്നാണ് 2024ലെ കണക്കുകൾ പറയുന്നത്.

2023-ൽ ചൈനയിലെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്ന കാര്യം മൈക്രോസോഫ്റ്റ് ഗൗരവമായി പരിഗണിച്ചിരുന്നതായും ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനയിൽ തുടരുന്നത് ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നും സാമ്പത്തിക നേട്ടം താരതമ്യേന കുറവാണെന്നുമായിരുന്നു ചില ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ നിലവിൽ ചൈന വിടാനുള്ള പദ്ധതിയില്ലെന്ന് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കിയതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീഴുകയും വ്യാപാര യുദ്ധം ശക്തമാകുകയും ചെയ്തതോടെ മൈക്രോസോഫ്റ്റിന് വലിയ തിരിച്ചടിയേറ്റതായി കമ്പനി വൃത്തങ്ങൾ പറയുന്നതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. 2017 മുതൽ ചൈന ആഭ്യന്തര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗം ശക്തമായി പ്രോത്സാഹിപ്പിച്ചു. അവ കൂടുതൽ സുരക്ഷിതമാണെന്നും, ഗുണനിലവാരത്തിൽ അവ വിൻഡോസിനും ഓഫീസിനും തുല്യമായി വളർന്നുവരുകയാണെന്നുമാണ് ചൈനയുടെ വിലയിരുത്തൽ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്ക ഏർപ്പെടുത്തിയ അത്യാധുനിക സാങ്കേതികവിദ്യകളിലെ കയറ്റുമതി നിയന്ത്രണങ്ങൾ ചൈനയിൽ മൈക്രോസോഫ്റ്റിന്റെ ലാഭകരമായ എഐയും ക്ലൗഡ് ബിസിനസും വികസിപ്പിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചുവെന്നും വിലയിരുത്തലുകളുണ്ട്.

മൈക്രോസോഫ്റ്റിന്റെ ചൈനീസ് ബന്ധം 1990-കളുടെ തുടക്കത്തിലാണ് ആരംഭിക്കുന്നത്. 1994-ൽ ബിൽ ഗേറ്റ്സ് ആദ്യമായി ചൈന സന്ദർശിച്ചപ്പോൾ അന്നത്തെ പ്രസിഡന്റ് ജിയാങ് സെമിൻ അദ്ദേഹത്തെ സ്വീകരിക്കുകയും ചൈനയുടെ ചരിത്രം പഠിക്കാൻ ഉപദേശിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി നല്ല ബന്ധം വളർത്താൻ മൈക്രോസോഫ്റ്റ് നിരവധി ശ്രമങ്ങൾ നടത്തി. സർക്കാർ പിന്തുണയുള്ള സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളിൽ നിക്ഷേപം നടത്താനും ഗൂഗിൾ അംഗീകരിക്കാൻ തയ്യാറാകാത്ത സെൻസർഷിപ്പ് നിബന്ധനകൾ പാലിക്കാനും മൈക്രോസോഫ്റ്റ് ആരംഭിച്ചത്. എന്നാൽ 2010ഓടെ സ്ഥിതി​ഗതികൾ മാറി. അമേരിക്കൻ കമ്പനികൾ വിദേശരാജ്യങ്ങളിൽ ചാരപ്പണി ചെയ്യാൻ അമേരിക്കയെ സഹായിച്ചെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പാശ്ചാത്യ സാങ്കേതികവിദ്യകളെ ചൈന സംശയത്തോടെ കാണാൻ തുടങ്ങിയതാണ് മൈക്രോസോഫ്റ്റുമായുള്ള അകൽച്ചയ്ക്ക് തുടക്കമിടുന്നത്.

ഈ വെല്ലുവിളി നേരിടാനായി Windows 10 China Government Edition എന്ന പ്രത്യേക പതിപ്പ് മൈക്രോസോഫ്റ്റ് പുറത്തിറക്കി. സിഇഒ സത്യ നദെല്ലയും ചൈനീസ് ധനമന്ത്രാലയ ഉദ്യോഗസ്ഥരും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളിലൂടെയായിരുന്നു ഇത് യാഥാർഥ്യമായത്. ചില സർക്കാർ ഏജൻസികൾ അത് സ്വീകരിച്ചെങ്കിലും കമ്പനിക്ക് പ്രതീക്ഷിച്ചത്ര വിജയം കൈവരിച്ചില്ല. സുരക്ഷിതവും വിശ്വസനീയവുമായ സാങ്കേതിക സേവനങ്ങൾ വാങ്ങുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ 2017-ൽ ചൈന കൊണ്ടുവന്നു. മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഉൾപ്പെടെ ഒരു വിദേശ ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നതായി സർക്കാർ അംഗീകരിച്ചില്ല. ഇതോടെ വിൻഡോസ് ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ സുരക്ഷാ പരിശോധനകളും അധിക അനുമതികളും ആവശ്യമായി വന്നു.

ഇതിനിടെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ മറ്റ് അമേരിക്കൻ ടെക് ഭീമന്മാരും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2026 അവസാനത്തോടെ അമേരിക്കയിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാനാണ് ആപ്പിളിന്റെ പദ്ധതി. അതേസമയം, ടെസ്‌ലയുടെ ചൈന ബിസിനസ് വേർതിരിക്കുന്ന കാര്യം ചർച്ചയിലാണെന്ന റിപ്പോർട്ടുകൾ ഇലോൺ മസ്ക് കഴിഞ്ഞ മാസം നിഷേധിച്ചിരുന്നു.

2010-ൽ ഗൂഗിൾ ചൈനയിൽ നിന്ന് പിന്മാറാൻ ഒരുങ്ങിയപ്പോൾ അത്തരം ഒരു നീക്കം മൈക്രോസോഫ്റ്റിന് ഒരിക്കലും ചിന്തിക്കാനാകാത്ത കാര്യമായിരുന്നു. ചൈനയിലെ സെൻസർഷിപ്പും സൈബർ ആക്രമണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഗൂഗിളിന്റെ തീരുമാനം. ജനാധിപത്യ അനുകൂലികൾ ആ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും, ബിൽ ഗേറ്റ്സും അന്നത്തെ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമറും ഗൂഗിൾ അമിതമായി പ്രതികരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Microsoft is reportedly planning a gradual withdrawal from its three-decade-long partnership in China, signaling a major shift in the tech giant's business strategy and operations in the country.

To advertise here,contact us