ബൊഗോട്ട: 200ലധികം പേരുടെ ജീവന് നഷ്ടമായ ഭൂചലനത്തിന് പിന്നാലെ കൊളംബിയയിൽ മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. മരിച്ചവരോടുള്ള ആദരസൂചകമായി ലോകമെമ്പാടുമുള്ള കൊളംബിയന്‍ എംബസികളില്‍ പതാക താഴ്ത്തിക്കെട്ടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. തിങ്കളാഴ്ച 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഒരു നൂറ്റാണ്ടിനിടെയുള്ള ഏറ്റവും ശക്തമായ ഭൂകമ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ നൂറിലധികം ചെറിയ ഭൂചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 2595 പേര്‍ക്കാണ് ഭൂകമ്പത്തില്‍ പരിക്കേറ്റത്. 195 പേരെ കാണാതായെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഏകദേശം 4000ത്തോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ചില ഡാറ്റാബേസുകള്‍ അറിയിക്കുന്നത്.
അതേസമയം കൊളംബിയയിലെ ഭൂചലനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏകദേശം 36 മണിക്കൂറുകളായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ യുവതിയെ രക്ഷാപ്രവര്‍ത്തന സംഘം കഴിഞ്ഞ ദിവസം പുറത്തെടുത്തിരുന്നു. പെരേര നഗരത്തിലെ തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിന്ന് 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് 32കാരിയായ ഡാനിയേല ലാര്ഗോയെ പുറത്തെടുത്തത്.
നാല് കോണ്‍ക്രീറ്റ് സ്ലാബുകളിക്ക് അടിയില്‍പ്പെട്ട യുവതിയെ അതിസാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് പുറത്ത് എത്തിച്ചത്. ആദ്യഘട്ടത്തില്‍ സ്ലാബുകള്‍ തുരന്ന് അതിലൂടെ ഓക്സിജന്‍ എത്തിക്കുകയായിരുന്നു. ശേഷം മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിലൂടെയാണ് യുവതിയെ പുറത്ത് എടുത്തത്.
Content Highlights: Colombia has declared a three-day national mourning period following a devastating earthquake