കിഴക്കന്‍ തീരത്ത് മിസൈല്‍ വിക്ഷേപിച്ച് ഉത്തര കൊറിയ; ഏത് പ്രകോപനത്തെയും നേരിടാന്‍ തയ്യാറെന്ന് ദക്ഷിണ കൊറിയ

അമേരിക്കയും ദക്ഷിണ കൊറിയയും മേഖലയില്‍ നടത്തുന്ന വാര്‍ഷിക സൈനികാഭ്യാസം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പരീക്ഷണം

ദക്ഷിണ കൊറിയക്ക് സമീപം കിഴക്കന്‍ തീരത്തുള്ള സമുദ്രത്തിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. അമേരിക്കയും ദക്ഷിണ കൊറിയയും മേഖലയില്‍ നടത്തുന്ന വാര്‍ഷിക സൈനികാഭ്യാസം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പരീക്ഷണം. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്. ഉത്തരകൊറിയയുടെ റഷ്യയുമായുള്ള വര്‍ധിച്ചുവരുന്ന സൈനിക സഹകരണത്തിന്റെയും ആയുധ പദ്ധതിയുടെയും പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

മിസൈല്‍ പരീക്ഷണത്തില്‍ ഉത്തരകൊറിയ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന വാര്‍ഷിക സൈനികാഭ്യാസങ്ങളെ ഉത്തരകൊറിയ ശക്തമായി എതിര്‍ക്കാറുണ്ട്. സംഭവത്തെ തുടര്‍ന്ന് ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ ഓഫീസ് അടിയന്തര യോഗം ചേര്‍ന്നു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ ലംഘിക്കുന്ന ഇത്തരം പ്രകോപനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ദക്ഷിണ കൊറിയ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടു. ആറ് ദിവസം മുമ്പും ഇതേ മേഖലയില്‍ നിന്ന് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചിരുന്നു. ഓഗസ്റ്റ് ആറിന് നടന്ന ആ വിക്ഷേപണവും ദക്ഷിണ കൊറിയ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

മിസൈല്‍ വിക്ഷേപണത്തിന് ഉത്തരകൊറിയ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. എന്നാല്‍ അമേരിക്ക-ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിന് മുന്നോടിയായുള്ള മുന്നറിയിപ്പായാണ് പുതിയ മിസൈല്‍ പരീക്ഷണത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളെ ഉത്തരകൊറിയയുടെ അധിനിവേശത്തിനുള്ള പരിശീലനമായാണ് കാണുന്നത്. അതേസമയം, തങ്ങളുടെ സൈനികാഭ്യാസങ്ങള്‍ പ്രതിരോധപരമാണെന്നും ഉത്തരകൊറിയയുടെ ആക്രമണ സാധ്യത നേരിടാന്‍ സൈനികരെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും അമേരിക്കയും ദക്ഷിണ കൊറിയയും വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 17 മുതല്‍ 27 വരെ ദക്ഷിണ കൊറിയയിലും കൊറിയന്‍ ഉപദ്വീപിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് സൈനികാഭ്യാസം നടക്കുന്നത്. ദക്ഷിണ കൊറിയന്‍ സൈനികരെയും ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിട്ടുള്ള ഏകദേശം 28,500 അമേരിക്കന്‍ സൈനികരില്‍ നിന്നുള്ള അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് പരിശീലനം. ഏകദേശം 18,000 ദക്ഷിണ കൊറിയന്‍ സൈനികരും ഉദ്യോഗസ്ഥരും അഭ്യാസത്തില്‍ പങ്കെടുക്കും. ഉത്തരകൊറിയയുടെ ആണവായുധ ശേഷിയും തുടര്‍ച്ചയായ മിസൈല്‍ വികസനവും കണക്കിലെടുത്ത് പ്രതിരോധ സജ്ജീകരണത്തിന്റെ ഭാഗമായാണ് സംയുക്ത സൈനികാഭ്യാസമെന്നാണ് അമേരിക്കയും ദക്ഷിണ കൊറിയയും പറയുന്നത്. റഷ്യയുമായുള്ള ഉത്തരകൊറിയയുടെ വര്‍ധിച്ചുവരുന്ന സൈനിക സഹകരണവും ഇത്തവണത്തെ അഭ്യാസത്തില്‍ പരിഗണിക്കുന്നുണ്ട്. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയെ സഹായിക്കാന്‍ ഉത്തരകൊറിയ ആയിരക്കണക്കിന് സൈനികരെ അയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വര്‍ഷം ഉത്തരകൊറിയ നടത്തിയതായി സംശയിക്കുന്ന 11ാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഇതെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഉത്തരകൊറിയ ഇത്തരത്തില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നത് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ നിരവധി പ്രമേയങ്ങള്‍ വിലക്കിയിട്ടുണ്ട്.

2019ല്‍ കിം ജോങ് ഉന്നും അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധ പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായി ചേര്‍ന്ന് ഏത് പ്രകോപനത്തെയും നേരിടാന്‍ തയ്യാറാണെന്ന് ദക്ഷിണ കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആണവശക്തിയുള്ള അന്തര്‍വാഹിനികള്‍ വികസിപ്പിക്കാനുള്ള ദക്ഷിണ കൊറിയയുടെ പദ്ധതിയെയും ജപ്പാന്റെ വര്‍ധിച്ചുവരുന്ന സൈനികവത്കരണത്തെയും ഉത്തരകൊറിയയും വിമര്‍ശിച്ചു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ ഉത്തരകൊറിയ കൂടുതല്‍ സജീവമായി ഇടപെടുന്നതായും അമേരിക്കയും ദക്ഷിണ കൊറിയയും ആരോപിക്കുന്നു.

Content Highlights: North Korea fires a ballistic missile ahead of US-South Korea military drills, escalating tensions on the Korean Peninsula

To advertise here,contact us