യുദ്ധത്തിൽ ഉണ്ടായ ആൾനാശത്തിന് ഇറാനിൽ നിന്ന് അമേരിക്ക നഷ്ടപരിഹാരം ആവശ്യപ്പെടും; ഡോണൾഡ് ട്രംപ്

ഹോർമൂസിൽ അമേരിക്കൻ നാവികസേനയ്ക്ക് പൂർണ നിയന്ത്രണമെന്നും അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ടു

വാഷിങ്ടൺ: യുദ്ധത്തിൽ ഉണ്ടായ ആൾനാശത്തിന് ഇറാനിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കണമെങ്കിൽ അഞ്ച് മാസം നീണ്ടുനിന്ന സംഘർഷത്തിൽ അമേരിക്ക വരുത്തിയ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്ന ഇറാന്റെ ആവശ്യത്തിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ നിലപാട്. ഹോർമൂസിൽ അമേരിക്കൻ നാവികസേനയ്ക്ക് പൂർണ നിയന്ത്രണമെന്നും അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അമേരിക്ക പൂർത്തിയാക്കിയെന്നും ജലപാതയുടെ പൂർണ നിയന്ത്രണം അമേരിക്കൻ നാവികസേനയ്ക്കാണെന്നുമാണ് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം. 'ഇപ്പോൾ ഹോർമൂസ് തുറന്നിരിക്കുകയാണ്. നിലവിൽ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണമായും അമേരിക്കൻ നാവികസേനയ്ക്കാണ്' എന്നായിരുന്നു ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കിയത്. 'ഇടയ്ക്കിടെ അവർ ഒരു മൈൻ സ്ഥാപിക്കും. ഞങ്ങൾ അത് കണ്ടെത്തും. നിങ്ങൾ കേട്ടിട്ടുണ്ടാകാം, കേട്ടിട്ടില്ലായിരിക്കാം, കടലിടുക്കിൽ മുഴുവൻ മൈൻ നീക്കം ചെയ്യുന്ന പരിശോധന ഞങ്ങൾ പൂർത്തിയാക്കി.കടലിടുക്കിന്റെ നിയന്ത്രണം 100 ശതമാനവും അമേരിക്കയ്ക്കാണ്' എന്നും ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു.

ഇതിനിടെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. അടുത്തിടെ പരമോന്നത നേതാവുമായി ഏഴ് മണിക്കൂർ കൂടിക്കാഴ്ച നടത്തിയെന്നാണ് ഇറാൻ പ്രസിഡൻ്റ് പറഞ്ഞത്. അധികാരമേറ്റെടുത്തതിന് ശേഷം പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും മൊജ്തബ ഖമനയി പൂർണ ആരോഗ്യവാനാണെന്നും പെസഷ്കിയാൻ സ്ഥിരീകരിച്ചു. നേരത്തെ ഇറാൻ്റെ സൈനിക നേതൃത്വത്തിൽ പരമോന്നത നേതാവ് മൊജ്തബ ഖമനയി വൻ അഴിച്ചുപണി പ്രഖ്യാപിച്ചിരുന്നു . ആറ് ഉന്നത സൈനിക ഉദ്യോ​ഗസ്ഥരുടെ ഖമേനി പ്രഖ്യാപിച്ചത്. ദേശീയ സുരക്ഷാ മേധാവിയായി മൊഹ്സൻ റെസായിയെയും സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫായി അലി അബ്ദുള്ളാഹിയെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കമാൻഡർ-ഇൻ-ചീഫായി അഹ്മദ് വാഹിദിയെയും നിയമിച്ചു. അലി അസ്മായിയാണ് പുതിയ IRGC നാവികസേനാ കമാൻഡർ. ഖമനയിയുടെ വിശ്വസ്തനും മുൻ രഹസ്യാന്വേഷണ മേധാവിയുമായ ഹൊസൈൻ തായിബാണ് ഐആർജിസിക്ക് കീഴിലുള്ള സന്നദ്ധ അർധസൈനിക വിഭാഗമായ ബസീജിന്റെ പുതിയ മേധാവി

ഹോർമൂസിലെ പ്രധാന ജലപാതയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിൽ ഏകദേശ ധാരണയായെന്ന് സൂചനകളുണ്ട്. ഇതിന് പിന്നാലെയാണ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മുമ്പ് അമേരിക്ക പാലിക്കേണ്ടതായ ആറ് ആവശ്യങ്ങൾ ഇറാന്റെ ദേശീയ സുരക്ഷാ മേധാവി ശനിയാഴ്ച മുന്നോട്ടുവച്ചത്. ഇറാനെതിരെയും മേഖലയിലെ സഖ്യകക്ഷികൾക്കെതിരെയും നടത്തുന്ന ആക്രമണങ്ങൾ അമേരിക്ക അവസാനിപ്പിക്കുക, ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം പിൻവലിക്കുക, ഇറാനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്ന് യുഎസ് സൈനികരെ പിൻവലിക്കുക, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ മുന്നോട്ടുവച്ചിരിക്കുന്നത്.

ജൂണിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായി കടലിടുക്ക് വീണ്ടും തുറക്കാൻ ധാരണയായിരുന്നെങ്കിലും ജൂലൈയിൽ വീണ്ടും പോരാട്ടം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ചത്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന പ്രധാന ജലപാതയാണ് ഹോർമൂസ് കടലിടുക്ക്. കടലിടുക്കിലൂടെ സുരക്ഷിതമായ സഞ്ചാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാൻ ഒമാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ സുരക്ഷിതമായ സഞ്ചാരത്തിന് അനുമതി നൽകുന്നത് കടലിടുക്ക് പൂർണമായി തുറക്കുന്നതിന് തുല്യമല്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ഗൾഫ് ഓഫ് ഏഡനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും തടയുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആ​ഗോള എണ്ണ ഒഴുക്ക് കൂടുതൽ പ്രതിസന്ധിയിലായിയിട്ടുണ്ട്. ചെങ്കടൽ തീരത്തുള്ള സൗദി അറേബ്യയിലെ എണ്ണ ശുദ്ധീകരണശാലയ്ക്കുനേരെ ഹൂതി വിമതർ ആക്രമണം നടത്തിയതും പ്രതിസന്ധിയായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Donald Trump said the United States will seek compensation from Iran for the loss of American lives during the war, amid escalating tensions between Washington and Tehran.

To advertise here,contact us