കൊളംബിയയിലെ ഭൂചലനം: മരണസംഖ്യ 180 കടന്നു, ആയിരത്തിൽ അധികം പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പരിക്കേറ്റവരെ സംഭവസ്ഥലത്ത് നിന്ന് എയര്‍ ആംബുലന്‍സ് വഴി കൊളംബിയന്‍ വ്യോമസേന വിവിധ ആശുപത്രികളിലേക്ക് മറ്റുന്നുണ്ട്

ബൊഗോട്ട: കൊളംബിയയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 180 കടന്നു. ദുരന്ത ബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുകയാണ്. സംഭവസ്ഥലത്ത് നിന്ന് പരിക്കേറ്റവരെ എയര്‍ ആംബുലന്‍സ് വഴി കൊളംബിയന്‍ വ്യോമസേന വിവിധ ആശുപത്രികളിലേക്ക് മറ്റുന്നുണ്ട്. ദുരിതബാധിത നഗരങ്ങളില്‍ വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. പ്രകൃതി ദുരന്തത്തില്‍ കുറഞ്ഞത് 1,300ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ജിയോളജിക്കല്‍ സര്‍വീസ് റിപ്പോർട്ട് പ്രകാരം ഏകദേശം 79 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം സാന്‍ ജോസ് ഡെല്‍ പാല്‍മറിനടുത്താണ് എന്നാണ് റിപ്പോര്‍ട്ട്. ഇതേ പ്രദേശത്ത് തൊട്ടടുത്ത സമയങ്ങളില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം കൂടി ജിയോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെ നടന്നതില്‍ രാജ്യത്തെ ഏറ്റവും ശക്തമായ ഭൂകമ്പമാണെണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കൊളംബിയന്‍ ഗവണ്‍മെന്റ് ഭൂചലനത്തെ ദേശീയ ദുരന്തമായി പ്രഖ്യാപ്പിച്ചിരിക്കുകയാണ്.

നിരവധി കെട്ടിടങ്ങൾ പൂർണമായും തകർന്നതായും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും കൊളംബിയൻ പ്രസിഡൻ്റ് അറിയിച്ചിട്ടുണ്ട്. 'ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനും ആവശ്യമുള്ളിടത്തെല്ലാം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നതിനായി സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുകയാണ് ഇപ്പോഴത്തെ പ്രധാന പരിഗണന', കൊളംബിയൻ പ്രസിഡൻ്റ് പറഞ്ഞു.

Content Highlights: The death toll from the earthquake in Colombia has surpassed 181, with rescue and relief operations continuing in the affected areas.

To advertise here,contact us