ടെൽ അവീവ്: ഗാസയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയിലെ നിർദേശങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പലസ്തീൻ സായുധ സംഘടനയായ ഹമാസ് പൂർണമായും നിരായുധീകരിക്കപ്പെടുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവുവരുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കടുത്ത നിലപാടുമായി ഇസ്രയേൽ പ്രധാനമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ഹമാസ് അംഗീകരിച്ച 15 ഇന പദ്ധതി ഇസ്രയേൽ തള്ളുന്നതായി ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നെതന്യാഹു വ്യക്തമാക്കിയത്.
ഹമാസ് പൂർണ്ണമായി നിരായുധീകരിക്കപ്പെടുന്നതുവരെ ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പിൻമാറില്ലെന്നാണ് നെതന്യാഹും വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേൽ സൈനികർക്കും പൗരന്മാർക്കും നേരെയുള്ള ഭീഷണികൾ തടയുന്നതിനുള്ള നടപടികൾ തുടരുമെന്നും നെതന്യാഹു പറഞ്ഞു. ഇക്കാര്യത്തിൽ അമേരിക്കയുമായി ചർച്ചകൾ തുടരുകയാണെന്നും നെതന്യാഹു വ്യക്തമാക്കി. 'അമേരിക്കയ്ക്ക് ചില നിർദേശങ്ങളുണ്ട്. അതിൽ ചിലത് ഞങ്ങൾക്ക് സ്വീകാര്യമാണ്, ചിലത് സ്വീകാര്യമല്ല. ഇക്കാര്യങ്ങളിൽ ഞങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾക്കറിയാം' എന്നായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. നെതന്യാഹുവിന്റെ പ്രസ്താവനയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
താൻ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പലസ്തീൻ രാഷ്ട്രം രൂപീകരിക്കപ്പെടില്ലെന്നും ഞായറാഴ്ച മന്ത്രിസഭാ യോഗത്തിൽ സംസാരിക്കവെ നെതന്യാഹു പ്രഖ്യാപിച്ചു. അമേരിക്ക പിന്തുണയ്ക്കുന്ന പദ്ധതിയിലെ നിർദേശങ്ങൾ ഇസ്രയേൽ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർഥ നിരായുധീകരണമാണ് വേണ്ടത്, പേരിന് മാത്രമുള്ള നിരായുധീകരണമല്ല. ലഘു ആയുധങ്ങൾ ഉൾപ്പെടെ എല്ലാ ആയുധങ്ങളും നീക്കം ചെയ്യുന്നതായിരിക്കണം നിരായുധീകരണമെന്നും അദ്ദേഹം വ്യക്തമാക്കി. 15 ഇന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഹമാസിന്റെ ഭാരമേറിയ ആയുധങ്ങൾ, ആയുധ നിർമാണ കേന്ദ്രങ്ങൾ, ആയുധശേഖരങ്ങൾ, വിപുലമായ തുരങ്ക ശൃംഖല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിർദേശമുള്ളത്.
അതേസമയം ട്രംപ് മുന്നോട്ടുവച്ച പദ്ധതി പൂർണമായി നടപ്പാക്കുന്നതിൽ തങ്ങൾ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച ടെലഗ്രാമിലൂടെ പങ്കുവെച്ച പ്രസ്താവനയിലാണ് നിലപാട് വ്യക്തമാക്കി ഹമാസ് രംഗത്ത് വന്നിരിക്കുന്നത്. പദ്ധതിയെ തകിടം മറിക്കാവുന്ന നിലയിലുള്ള ഏതെങ്കിലും ലംഘനങ്ങളും വീഴ്ചകളും തടയുന്നതിനായി മധ്യസ്ഥ രാജ്യങ്ങളും പദ്ധതിക്ക് ഉറപ്പ് നൽകിയ രാജ്യങ്ങളും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്നും ഇസ്രയേലിനെ പരോക്ഷമായി ലക്ഷ്യമിട്ട് ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഹമാസുമായി പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലും ഗാസയിൽ ഇസ്രയേൽ സൈന്യം നിരന്തരം ആക്രമണം തുടരുകയാണ്.
ഹമാസിനെയും ഗാസയിലെ മറ്റ് സായുധ സംഘടനകളെയും പൂർണമായും നിരായുധീകരിക്കണമെന്ന് നിർദേശിക്കുന്നതാണ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പദ്ധതി. 'ചരിത്രപരമായ' കരാറെന്നായിരുന്നു ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. സ്ഥിരമായ സമാധാനത്തിലേക്കും സുരക്ഷയിലേക്കുമുള്ള മഹത്തായ ചുവടുവെയ്പ്പാണ് താൻ മുന്നോട്ടുവെച്ച പദ്ധതിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ ആണ് കരാറിന് നേതൃത്വം നൽകിയത്. 2026 ഫെബ്രുവരിയിലായിരുന്നു ബോർഡ് ഓഫ് പീസ് രൂപീകരിച്ചത്. ഇസ്രയേലും നിരവധി അറബ് രാജ്യങ്ങളും ഉൾപ്പെടെ ഏകദേശം 40 രാജ്യങ്ങൾ ബോർഡിൽ അംഗങ്ങളാണ്. എന്നാൽ പലസ്തീൻ പ്രതിനിധികൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഡോണൾഡ് ട്രംപായിരുന്നു ബോർഡിന്റെ ആജീവനാന്ത അധ്യക്ഷനായി നിയമിതനായത്.
കഴിഞ്ഞ ഒക്ടോബറിൽ ഹമാസും ഇസ്രയേലും പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെയും ഇസ്രയേൽ കരാർ പാലിക്കുമോ എന്ന കാര്യത്തിൽ നിരവധി നയതന്ത്രവിദഗ്ധർ സംശയം പ്രകടിപ്പിച്ചിരുന്നു. കരാർ നിലനിൽക്കുന്നുവെന്ന് പറയുമ്പോഴും ഇസ്രയേൽ സൈന്യം ഗാസയിൽ ആക്രമണം തുടരുകയും നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്തരമൊരു ആങ്ക ഉയർന്ന് വന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ മധ്യത്തിൽ വെടിനിർത്തൽ ആരംഭിച്ചതിന് ശേഷം മാത്രം ഇതുവരെ ഗാസയിൽ 1,258 പേർ കൊല്ലപ്പെടുകയും 4,139 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 800-ലധികം മൃതദേഹങ്ങൾ പുറത്തെടുത്തതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഹമാസ്-ഇസ്രയേൽ സംഘർഷം രൂക്ഷമായ 2023 ഒക്ടോബർ മുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം എകദേശം 73,386 ആണെന്നും 1,74,250 പേർക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Israeli Prime Minister Benjamin Netanyahu has rejected US President Donald Trump's Gaza plan, saying Israel will not withdraw its forces from Gaza until Hamas is fully disarmed. The stance could create further challenges for ongoing efforts to reduce tensions and achieve a ceasefire in the region.