തെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ വീഡിയോ പുറത്ത് വിട്ട് ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ. തീയതി വ്യക്തമല്ലാത്ത മൊജ്തബ ഖമനയിയുടെ ഒരു വീഡിയോയാണ് ഇറാനിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടത്. ഒരു കൂട്ടം ആളുകൾക്ക് മതപാഠം നൽകുന്ന മൊജ്തബ ഖമനയിയാണ് പുതിയ ദൃശ്യങ്ങളിലുള്ളത്. വീഡിയോ യുദ്ധത്തിന് മുമ്പ് ചിത്രീകരിച്ചതാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ദൃശ്യങ്ങൾ എപ്പോൾ പകർത്തിയതാണെന്ന കാര്യത്തിൽ പോസ്റ്റിൽ യാതൊരു സൂചനകളും നൽകിയിട്ടില്ല.
ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ പുറത്തുവിടാനുള്ള കാരണം വ്യക്തമല്ല. മൊജ്തബ ഖമനയിയുടെ നിലവിലെ സ്ഥിതിയും ആരോഗ്യനിലയും സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തിപകരാൻ ദൃശ്യങ്ങൾ പുറത്ത് വിട്ട നടപടി ഇടയാക്കുമെന്ന് വിലയിരുത്തലുണ്ട്. വീഡിയോ പുറത്തുവിട്ട മാധ്യമങ്ങളിൽ ഒന്നായ മെഹർ ന്യൂസ് അർധ ഔദ്യോഗിക മാധ്യമമാണ്. പരമോന്നത നേതാവുമായി അടുത്ത ബന്ധമുള്ള മാധ്യമമായാണ് മെഹർ ന്യൂസ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഈ ദൃശ്യങ്ങൾ മറ്റ് ഇറാനിയൻ മാധ്യമങ്ങളിൽ വ്യാപകമായി പ്രസിദ്ധീകരിച്ചിട്ടില്ല.
ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് നേരത്തെ ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് മൊജ്തബ ഖമനയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നായിരുന്നു റിപ്പോർട്ട്. മൊജ്തബയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന നിലയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇറാൻ വ്യത്തങ്ങളെ ഉദ്ധരിച്ച് ചാനൽ 14, ജെറുസലേം പോസ്റ്റ് എന്നീ ഇസ്രയേലി മാധ്യമങ്ങളാണ് റിപ്പോർട്ട് പുറത്ത് വിട്ടത്.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ബോംബാക്രമണം ആരംഭിച്ച ആദ്യ ദിവസം അദ്ദേഹത്തിന് കാലിന് ഒടിവുണ്ടായതായും മുഖത്ത് ചെറിയ മുറിവുകൾ സംഭവിച്ചതായും മൊജ്തബ ഖമനയി പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് സിഎൻഎന്നിനോട് സംസാരിച്ച ചില വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ ദൃശ്യങ്ങളിൽ അദ്ദേഹത്തിന് പരിക്കേറ്റതിന്റെ യാതൊരു ലക്ഷണങ്ങളും കാണാനില്ല. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഈ ദൃശ്യങ്ങൾ പഴയതാണെന്ന വിലയിരുത്തപ്പെടുന്നത്.
യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയെ അമേരിക്ക വധിച്ചതിനെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ മൊജ്തബ ഖമനയി പുതിയ പരമോന്നത നേതാവായി ചുമതലയേറ്റത്. പരമോന്നത നേതാവായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് മൊജ്തബയുടെ ദൃശ്യങ്ങൾ പുറത്ത് വരുന്നത്. പരമോന്ന നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷംമൊജ്തബ ഖമനയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലൂടെ പുറത്തുവിട്ട സന്ദേശങ്ങളിലൂടെയാണ് ഇതുവരെ മൊജ്തബ ഖമനയി പ്രതികരിച്ചിരുന്നത്.
Content Highlights: Iranian official media has released a video of Supreme Leader Mojtaba Khamenei, drawing attention amid developments surrounding Iran’s leadership.