വാഷിങ്ടൺ: റഷ്യയ്ക്കെതിരായ ഉപരോധം ശക്തമാക്കുന്നതിനുള്ള സുപ്രധാന നിയമനിർമാണത്തിന് യു എസ് സെനറ്റിന്റെ അംഗീകാരം. റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിനൊപ്പം റഷ്യൻ എണ്ണയെയും വാതകത്തെയും ആശ്രയിക്കുന്ന ചൈന, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ കടുത്ത തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ‘ലിൻഡ്സി ഒ ഗ്രഹാം സാങ്ക്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026’ എന്ന പേരിലുള്ള ബിൽ 86-11 എന്ന വൻ ഭൂരിപക്ഷത്തിനാണ് സെനറ്റ് പാസാക്കിയത്.
റഷ്യൻ ക്രൂഡ് ഓയിൽ അല്ലെങ്കിൽ വാതകം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങളിലേക്കും റഷ്യയുടെ ഊർജ മേഖലയുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങളിലേക്കുമാണ് തീരുവ അധികാരം പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, ചൈന, അസർബൈജാൻ, ഹംഗറി, സ്ലൊവാക്യ എന്നിവയാണ് റഷ്യയിൽ നിന്ന് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്ന പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങൾ. ജപ്പാൻ, യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങൾ എന്നിവയും തീരുവയും പരിധിയിൽ ഉൾപ്പെടും. ഈ തീരുവകൾ പിൻവലിക്കണമോ എന്നത് അമേരിക്കൻ പ്രസിഡന്റിന്റെ വിവേചനാധികാരമായിരിക്കും.
ഇറാന്റെ ഊർജ-ആയുധ മേഖലകൾക്കുള്ള ധനസഹായം നിയന്ത്രിക്കുന്ന ഉപരോധത്തിൻ്റെ കാലാവധി അവസാനിച്ച് ഇടവേള ഉണ്ടാകുന്നത് തടയുന്നതിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തരിച്ച റിപ്പബ്ലിക്ക സെനറ്റർ ലിൻഡ്സി ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാളും ചേർന്നാണ് ഈ ഉഭയകക്ഷി ബില്ലിന് നേതൃത്വം നൽകിയത്. ദക്ഷിണ കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ നേതാവായിരുന്ന ലിൻഡ്സി ഗ്രഹാം കഴിഞ്ഞ മാസമാണ് അന്തരിച്ചത്. റഷ്യയുമായി കഴിഞ്ഞ നാലുവർഷമായി തുടരുന്ന യുദ്ധത്തിൽ യുക്രെയ്ന് പിന്തുണ നൽകിയ അമേരിക്കൻ കോൺഗ്രസിൽ നിന്നുള്ള നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. റഷ്യ യുക്രെയ്നിൽ നടത്തിയ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ മോസ്കോയ്ക്കെതിരായ സാമ്പത്തിക സമ്മർദം ശക്തമാക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.
ഇറാനെതിരായ കൂടുതൽ ഉപരോധ നടപടികളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയത്. 2025-ൽ അവതരിപ്പിച്ച നിയമനിർമാണത്തിന് ഒരു വർഷത്തിലേറെയായി വോട്ടെടുപ്പ് നടന്നിരുന്നില്ല. ഒടുവിൽ സെനറ്റ് ബിൽ പരിഗണിക്കുകയായിരുന്നു.
യുക്രെയ്നിന് പിന്തുണ നൽകാനുള്ള ഏറ്റവും മികച്ച അവസരങ്ങളിലൊന്നാണ് ഈ നിയമനിർമാണമെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കി. സെനറ്റിൽ ഇരുപക്ഷത്തിൻ്റെയും പിന്തുണ ലഭിച്ചത് ജനപ്രതിനിധിസഭയിലും ബിൽ പാസാകുന്നതിനുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 31-ന് വേനൽക്കാല ഇടവേളയ്ക്ക് ശേഷം ജനപ്രതിനിധിസഭ വീണ്ടും സമ്മേളിക്കുമ്പോൾ ബിൽ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: US Senate approves a bill proposing 100 percent tariffs on countries including India that continue economic ties with Russia, escalating pressure on Moscow over the Russia-Ukraine war.