'മക്ക ജോയിൻ്റ് ഡിഫൻസ് എഗ്രിമെൻ്റ്'; സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്താനും തുർക്കിയും

മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ സായുധ ആക്രമണം ഉണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുണ്ടായ ആക്രമണമായി കണക്കാക്കും എന്നാണ് കരാർ പറയുന്നത്

റിയാദ്: സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ച് സൗദി അറേബ്യയും പാകിസ്താനും തുർക്കിയും. മധ്യപൂർവേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് രാജ്യങ്ങളും സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരെ സായുധ ആക്രമണം ഉണ്ടായാൽ അത് മൂന്ന് രാജ്യങ്ങൾക്കും നേരെയുണ്ടായ ആക്രമണമായി കണക്കാക്കും എന്നാണ് കരാർ പറയുന്നത്. അതനുസരിച്ച് പരസ്പര പ്രതിരോധ സഹകരണം ഉറപ്പാക്കുന്നതാണ് കരാറിന്റെ പ്രധാന വ്യവസ്ഥ.

'മക്ക ജോയിന്റ് ഡിഫൻസ് എഗ്രിമെന്റ്' എന്ന പേരിലുള്ള കരാർ മൂന്ന് രാജ്യങ്ങളുടെയും കൂട്ടായ പ്രതിരോധ ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. ആക്രമണങ്ങളെ ചെറുക്കാനുള്ള സംയുക്ത പ്രതിരോധ സംവിധാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കരാറിൽ ഓരോ രാജ്യത്തിന്റെയും കൃത്യമായ ഉത്തരവാദിത്വങ്ങളോ സൈനിക പ്രതിബദ്ധതകളോ വിശദീകരിച്ചിട്ടില്ല. എന്നാൽ, പ്രാദേശികവും ആഗോളതലത്തിലുമുള്ള സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗാൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരാണ് സംയുക്ത പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ജനറൽ അസിം മുനീറും ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയതിന് പിന്നാലെയാണ് കരാർ പ്രഖ്യാപിച്ചത്. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനും സൗദിയിലെത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അമേരിക്കയും ഇസ്രായേലും ഫെബ്രുവരി 28-ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇറാനും അതിന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരും ഇറാഖിലെ ഷിയ സായുധസംഘങ്ങളും സൗദിക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്ന് രാജ്യങ്ങളും സുരക്ഷാ സഹകരണം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. മക്കയിൽ വെച്ചാണ് കരാറിൽ ഒപ്പുവെച്ചത് എന്നതും ശ്രദ്ധേയമാണ്. ഇസ്ലാമിന്റെ ഏറ്റവും വിശുദ്ധ കേന്ദ്രമായ മക്കയിൽ കരാർ പ്രഖ്യാപിച്ചതിന് ശക്തമായ പ്രതീകാത്മക പ്രാധാന്യവുമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കരാറിലെ കൂട്ടായ പ്രതിരോധ വ്യവസ്ഥ പൂർണമായും പ്രതിരോധ സ്വഭാവമുള്ളതാണെന്നും, ആക്രമണങ്ങൾക്കെതിരായ പരസ്പര സഹായം മാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നുമാണ് തുർക്കി സർക്കാരിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു പ്രത്യേക രാജ്യത്തെയല്ല കരാർ ലക്ഷ്യമിടുന്നതെന്നും, മറ്റ് പ്രാദേശിക രാജ്യങ്ങൾക്കും ഭാവിയിൽ ഇതിൽ ചേരാനാകുമെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. നിലവിലുള്ള ദ്വിപക്ഷ, ബഹുരാഷ്ട്ര പ്രതിരോധ കരാറുകളെ ഇത് അസാധുവാക്കുകയോ പകരംവയ്ക്കുകയോ ചെയ്യുന്നില്ലെന്നും ഉദ്യോ​ഗസ്ഥൻ പറഞ്ഞതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രായേലിന്റെയും ഇറാന്റെയും കൂടുതൽ ആക്രമണാത്മക സൈനിക നിലപാടുകളാണ് മൂന്ന് രാജ്യങ്ങളുടെയും പ്രധാന ആശങ്കയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മേഖലയിലെ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിൽ അമേരിക്കയുടെ സ്വാധീനം ക്ഷയിക്കുന്നുവെന്ന വിലയിരുത്തലും ത്രിരാഷ്ട്ര പ്രതിരോധ കരാറിന് പിന്നിലുണ്ടെന്നാണ് നിരീക്ഷണം. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശേഷിയുള്ള രാജ്യമാണ് തുർക്കി. സൗദി അറേബ്യ ഗൾഫ് മേഖലയിലെ ഏറ്റവും ശക്തമായ രാജ്യവും ഇസ്ലാമിന്റെ വിശുദ്ധ കേന്ദ്രങ്ങളുടെ ആസ്ഥാനവുമാണ്. ലോകത്തിലെ പ്രധാന എണ്ണ കയറ്റുമതിക്കാരിൽ പ്രമുഖരുമാണ് സൗദി അറേബ്യ. പാകിസ്താൻ ആണവായുധ ശേഷിയുള്ള ലോകത്തിലെ ഏക മുസ്ലിം രാജ്യമാണ്.

മൂന്ന് രാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം നിലവിലുണ്ട്. പാകിസ്ഥാൻ പതിറ്റാണ്ടുകളായി സൗദി അറേബ്യൻ സൈന്യത്തിന് പരിശീലനവും സാങ്കേതിക സഹായവും നൽകുന്നുണ്ട്. തുർക്കിയും പാകിസ്താനും യുദ്ധക്കപ്പലുകളും പരിശീലന വിമാനങ്ങളും പരസ്പരം കൈമാറിയിട്ടുണ്ട്. 2023-ൽ സൗദി അറേബ്യ തുർക്കിയിൽ നിന്ന് ഡ്രോണുകൾ വാങ്ങാൻ കരാറിലെത്തിയിരുന്നു. അങ്കാറയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി കരാറായാണ് ഇത് വിലയിരുത്തപ്പെട്ടത്. പാകിസ്താൻ ഏകദേശം 8,000 സൈനികരെയും യുദ്ധവിമാനങ്ങളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും അടുത്തകാലത്ത് സൗദിയിൽ വിന്യസിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലെ സുരക്ഷാ സഹകരണം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റുമായി പുതിയ സുരക്ഷാ കരാറിനായും പാകിസ്താൻ ചർച്ചകൾ തുടരുന്നതായി റിപ്പോർട്ടുണ്ട്.

Content Highlights: Saudi Arabia, Pakistan, and Türkiye have signed the Mecca Joint Defence Agreement, strengthening military cooperation by treating an attack on one nation as an attack on all three.

To advertise here,contact us