കിഴക്കൻ യമനിലെ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഹൂതി വിമതർ; 30തിലേറെ സർക്കാർ സൈനികർക്ക് ജീവഹാനി

എമർജൻസി ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്

സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി ഹൂതി വിമതർ. ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ കിഴക്കൻ യമനിലെ സർക്കാർ സേനയുടെ ഭാ​ഗമായ 30ഓളം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാരിബ് പ്രവിശ്യയിലെ അൽ-റുവൈക് മേഖലയിലും ഹദ്രമൗത് പ്രവിശ്യയിലെ അൽ-അബ്ര മേഖലയിലുമുള്ള എമർജൻസി ഫോഴ്‌സിന്റെ നിയന്ത്രണത്തിലുള്ള നിരവധി സൈനിക ക്യാമ്പുകൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തെ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ 'വഞ്ചനാപരമായ ആക്രമണം' നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ എണ്ണം അദ്ദേഹം വെളിപ്പെടുത്തിയില്ല.

'സൗദി അറേബ്യയുടെ വൻ സൈനിക വിന്യാസങ്ങളെയാണ്' തങ്ങൾ ലക്ഷ്യമിട്ടതെന്നാണ് വടക്കുപടിഞ്ഞാറൻ യമന്റെ ഭൂരിഭാഗവും നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ സൈനിക വക്താവ് അവകാശപ്പെട്ടത്. യമനിലെ ആഭ്യന്തര യുദ്ധത്തിൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന സർക്കാർ സേനയ്ക്ക് പിന്തുണ നൽകുന്നുണ്ട്.. മാരിബ്, ഹദ്രമൗത്ത് ഗവർണറേറ്റുകളിലെ യെമൻ എമർജൻസി ഫോഴ്സസിന്റെ നിരവധി ക്യാമ്പുകൾ ആക്രമിച്ചതായും ഇറാൻ പിന്തുണയുള്ള ഹൂതി വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൂതി സൈനിക വക്താവ് യഹ്യാ സരീ എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിൽ, റുവൈക്, അൽ-അബ്ര്, അൽ-ഥാനിയ മേഖലകളിലും മറ്റ് എമർജൻസി ഫോഴ്സസ് ക്യാമ്പുകളിലും വലിയ തോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഹൂതി വിമതരുടെ അവകാശവാദം.

ആക്രമണത്തിൽ നിരവധി സൈനിക ക്യാമ്പുകളും സൈനികരുടെ താവളങ്ങളും ആയുധ-വെടിക്കോപ്പു ശേഖരങ്ങളും തകർത്തതായും ഹൂതികൾ അവകാശപ്പെട്ടു. കിഴക്കൻ യെമനിലെ നിരവധി സൈനിക വാഹനങ്ങളും ആക്രമണത്തിൽ തകർന്നതായാണ് ഹൂതികൾ അവകാശപ്പെടുന്നത്. ആക്രമണത്തിൽ ആളപായവും വസ്തുനാശവും ഉണ്ടായതായി നേരത്തെ എമർജൻസി ഫോഴ്സസ് അറിയിച്ചിരുന്നുവെങ്കിലും ഹൂതികളുടെ അവകാശവാദത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ഹൂതി ആക്രമണത്തിൽ ഡസൻ കണക്കിന് പേർ കൊല്ലപ്പെട്ടതായാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇതിനിടെ അടിയന്തര സേനാ ക്യാമ്പുകൾ ഒഴിയാൻ ഹൂതികൾ മുന്നറിയിപ്പ് നൽകിയതായാണ് അൽ-ജസീറ റിപ്പോർട്ട് ചെയ്യുന്നത്. യമന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എമർജൻസി ഫോഴ്സസ് ക്യാമ്പുകളിലുള്ളവർ ഉടൻ അവിടെ നിന്നും ഒഴിയണമെന്ന് ഹൂതി സൈനിക വക്താവ് യഹ്യാ സരീ എക്സ് പോസ്റ്റിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 'തെറ്റിദ്ധരിപ്പിക്കപ്പെട്ടും വഞ്ചിക്കപ്പെട്ടും സൗദിയുടെ ക്യാമ്പുകളിൽ കഴിയുന്ന നമ്മുടെ ജനങ്ങൾ വൈകുംമുമ്പ് അവിടം വിട്ട് സ്വന്തം വീടുകളിലേക്ക് മടങ്ങണം. ഏതുതരത്തിലുള്ള സംഘർഷവ്യാപനത്തെയും നേരിടാൻ സായുധ സേന പൂർണ സജ്ജമാണെന്ന് യമനിലെ എല്ലാ ഗവർണറേറ്റുകളിലുമുള്ള ജനങ്ങൾക്ക് ഉറപ്പുനൽകുന്നു' എന്നാണ് എക്സിൽ പങ്കുവെച്ച പ്രസ്താവനയിൽ ഹൂതി സൈനിക വക്താവ് അറിയിച്ചിരിക്കുന്നത്.

മാരിബ് ഗവർണറേറ്റിലെ അൽ-ഥാനിയ മേഖലയിലുള്ള യെമൻ എമർജൻസി ഫോഴ്സസ് ക്യാമ്പിനെതിരെ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകളും സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി നേരത്തെ അൽ-മസ്‌ദർ ഓൺലൈൻ പത്രത്തെ ഉദ്ധരിച്ച് അൽ-ജസീറ റിപ്പോ‍‍ർട്ട് ചെയ്തിരുന്നു. രാവിലെ ആരംഭിച്ച ആക്രമണം ഉച്ചവരെ തുടർന്നതായും, ക്യാമ്പിലെ സൈനിക ബാരക്കുകളും വെടിക്കോപ്പു ശേഖരങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlights: More than 30 Yemeni government troops were killed after Houthi rebels launched missile and drone attacks on military camps in eastern Yemen, escalating the country's ongoing conflict.

To advertise here,contact us