ഗസ: ഹമാസിന്റെ സമ്പൂര്‍ണ നിരായുധീകരണം സാധ്യമാകാതെ ഗസയില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍. ഹമാസ് പൂര്‍ണമായും നിരായുധീകരണം നടത്തിയതായി ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇസ്രയേല്‍ ഗസയില്‍ നിന്ന് പിന്‍വാങ്ങണമെന്നായിരുന്നു ധാരണ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക വഴിത്തിരിവായി കണക്കാക്കപ്പെട്ടിരുന്ന, ഹമാസിനെ നിരായുധരാക്കുന്നതിനുള്ള കരാറിനെക്കുറിച്ച് നെതന്യാഹുവിന്റെ പരാമര്‍ശങ്ങള്‍ കൂടുതല്‍ ആശങ്കകളാണ് ഉയര്‍ത്തുന്നത്. നെതന്യാഹുവിന് ട്രംപ് ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസം ഇതിലൂടെ പരസ്യമായി പ്രകടമാകുന്നു എന്ന വിലയിരുത്തലുമുണ്ട്.
ഹമാസ് ആയുധം ഉപേക്ഷിക്കണമെന്നും, നിലവില്‍ ഗസയുടെ 60 ശതമാനത്തോളം ഭാഗങ്ങളില്‍ നിയന്ത്രണമുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ച് അവിടെനിന്ന് പിന്മാറണമെന്നുമായിരുന്നു കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നത്. വലിയ തോതിലുള്ള സൈനിക നടപടികള്‍ക്ക് വിരാമമിടുകയും ഗസയില്‍ തടവിലാക്കപ്പെട്ട ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുകയും ചെയ്ത ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാറിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഇത്. എന്നാല്‍, മറ്റ് കാര്യങ്ങളില്‍ ഈ കരാര്‍ തുടര്‍നടപടികളില്ലാതെ സ്തംഭനാവസ്ഥയിലാണ്.
യുദ്ധ നടപടികള്‍ എല്ലാം അവസാനിപ്പിച്ച് നിരായുധീകരണം നടത്താന്‍ ഹമാസ് നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നേരിടുന്ന നെതന്യാഹു, നിരായുധീകരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന തന്റെ നിലപാട് ആവര്‍ത്തിച്ചു. തങ്ങളുടെ രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ഇസ്രായേല്‍ സേന തുടര്‍ന്നും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിരായുധീകരണ ചര്‍ച്ചകള്‍ക്ക് ഇടയിലും ഇസ്രയേല്‍ ഗാസയില്‍ ആക്രമണം നടത്തിയിരുന്നു.
അതേസമയം 2023ല്‍ ഗാസയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട നൂറിലധികം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന്, ചൊവ്വാഴ്ച പലസ്തീനികള്‍ അവരുടെ കൂട്ടസംസ്കാര ചടങ്ങുകള്‍ക്കായി ഒത്തുകൂടിയിരുന്നു. ഹമാസുമായുള്ള യുദ്ധം തുടങ്ങി ആഴ്ചകള്‍ക്ക് ശേഷം, 2023 നവംബര്‍ 22ന് ഗാസ സിറ്റിയിലെ സാബ്ര പ്രദേശത്തുള്ള ഒരു പാര്‍പ്പിട സമുച്ചയം യുദ്ധവിമാനങ്ങള്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ മുന്നൂറിലധികം പേര് കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രാഥമിക ഉപകരണങ്ങള്‍ ഉപയോഗിച്ച് അവിടുത്തെ പൗരന്മാര് നടത്തിയ തിരച്ചിലില്‍ 40ഓളം മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും, ഭൂരിഭാഗം മൃതദേഹങ്ങളും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആഴത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. യുദ്ധത്തിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നില്‍ ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന വിവരം, ആദ്യ വെടിനിര്‍ത്തലിന് തൊട്ടുമുമ്പുണ്ടായിരുന്ന അരക്ഷിതമായ സാഹചര്യങ്ങള്‍ക്കിടയില്‍ പുറംലോകത്തെത്താന്‍ ദിവസങ്ങളെടുത്തിരുന്നു.
ഹമാസ് നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രക്ഷാപ്രവര്‍ത്തന ഏജന്‍സിയായ 'സിവില്‍ ഡിഫന്‍സ്' നല്കുന്ന വിവരമനുസരിച്ച്, കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നടത്തിയ തിരച്ചിലില്‍ 40 കുട്ടികളടക്കം 112 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 157 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നും അവര്‍ അറിയിച്ചു.
Content Highlights: Israel has reaffirmed that its forces will remain in Gaza until Hamas is fully disarmed, signalling a tougher stance despite earlier expectations of a possible withdrawal. Prime Minister Benjamin Netanyahu's comments have fueled uncertainty over ceasefire negotiations and highlighted apparent differences with the Trump administration on the path to ending the conflict.