തായ്ലൻഡിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു. അപകടത്തിൽ ഏഴ് യാത്രക്കാർക്ക് പരിക്കേറ്റു. വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ AI2379 വിമാനമാണ് യാത്രയ്ക്കിടയിൽ പെട്ടെന്ന് കനത്ത ആകാശച്ചുഴിയിൽ പെട്ടത്. ഇതോടെ വിമാനത്തിന്റെ ഉയരത്തിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും യാത്രക്കാരെയും ജീവനക്കാരെയും താഴെയിറക്കുകയും ചെയ്തു.
എയർ ഇന്ത്യയിൽ നിന്ന് വിവരം ലഭിച്ച ഉടൻ തന്നെ ഡൽഹി വസന്ത് കുഞ്ചിലെ ഫോർട്ടിസ് ആശുപത്രി അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ 'കോഡ് യെല്ലോ' പ്രഖ്യാപിച്ചു. ആശുപത്രിയിലെത്തിച്ച ഏഴ് യാത്രക്കാർക്ക് അടിയന്തര പ്രാഥമിക ചികിത്സ ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. തലയ്ക്കും മുതുകിനും പരിക്കേറ്റവരെ സിടി സ്കാൻ, എംആർഐ, എക്സ്-റേ ഉൾപ്പെടെയുള്ള പരിശോധനകൾക്കായി മാറ്റി.
സംഭവത്തിൽ ഗുരുതരമായ പരിക്കുകളില്ലെന്നും മുൻകരുതൽ എന്ന നിലയ്ക്കാണ് നിസ്സാര പരിക്കേറ്റ യാത്രക്കാർക്കും ജീവനക്കാർക്കും വൈദ്യപരിശോധനയും പരിചരണവും ഉറപ്പാക്കിയതെന്നും എയർ ഇന്ത്യ വ്യക്തമാക്കി. പരിക്കേറ്റവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്താനും സഹായങ്ങൾക്കുമായി പ്രത്യേക എയർ ഇന്ത്യ കോർഡിനേഷൻ ടീം ആശുപത്രിയിലുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുന്ന അതോറിറ്റികളുമായി സഹകരിക്കുന്നുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറയിച്ചു.
Content Highlights: An Air India flight travelling from Thailand to Delhi was affected by severe turbulence, resulting in injuries to seven passengers. The incident occurred during the flight, causing distress among travellers.