പശ്ചിമേഷ്യയില്‍ താത്ക്കാലിക ആശ്വാസം, ഇറാന്‍-യുഎസ് വെടിനിര്‍ത്തലിന് ധാരണ; ഖത്തറില്‍ നാളെ ചര്‍ച്ച നടക്കും

ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ക്ക് തീരുമാനം ഉണ്ടാകുമെന്ന് യുഎസ്

തെഹ്റാൻ: പശ്ചിമേഷ്യ യുദ്ധഭീതിക്ക് താത്ക്കാലിക ആശ്വാസം. സമാധാന ചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറെന്നാണ് റിപ്പോര്‍ട്ട്. നാളെ ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധികള്‍ക്ക് തീരുമാനം ഉണ്ടാക്കുമെന്നും യുഎസ് പറഞ്ഞു. എന്നാല്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന് മാത്രമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോര്‍മൂസ് നിയന്ത്രണ വിഷയത്തില്‍ ഒരു കക്ഷികളും ഇടപെടരുതെന്നും മുന്നറിയിപ്പ് ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഖത്തറില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായി ആണ് ഇറാന്റെ പ്രതികരണം.

ഹോര്‍മുസ് കടലിടുക്കിന് ചുറ്റും അമേരിക്കയും ഇറാനും തമ്മില്‍ നടത്തിയ സൈനിക ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഖത്തര്‍ ചര്‍ച്ചയ്ക്ക് ധാരണയായത്. ഹോര്‍മൂസില്‍ ഇരുരാജ്യങ്ങളും നടത്തിയ പ്രകോപനപരമായ നീക്കങ്ങളാണ് വീണ്ടും ആക്രമണങ്ങള്‍ സജ്ജീവമാകാന്‍ കാരണം. കടലിടുക്കിലൂടെ വാണിജ്യ കപ്പലുകള്‍ സഞ്ചരിക്കാന്‍ ഇറാന്‍ അനുവദിച്ചില്ലെങ്കില്‍ സൈനിക ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.യുഎസ്, സമാധാന കാരാര്‍ നിബന്ധനകള്‍ ലംഘിച്ച് ആക്രമണങ്ങള്‍ നടത്തിയെന്ന് ഇറാനും ആരോപിച്ചിരുന്നു.

സമാധാന കരാറിൽ ഇറാനും യുഎസും ഒപ്പിട്ടിരുന്നെങ്കിലും ഹോർമൂസിലെ പ്രകോപനപരമായ ആക്രമണങ്ങൾ വീണ്ടും കരാർ ലംഘനത്തിലേക്കും തുടർച്ചയായുള്ള ആക്രമണങ്ങളിലേക്കും നയിച്ചിരുന്നു.  ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിയുമായി അമേരിക്ക രംഗത്തെത്തിയത്. ഇറാനില്‍ ശക്തമായ ആക്രമണമാണ് അമേരിക്ക നടത്തിയത്. ഇറാന്റെ മിസൈല്‍ ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. തീരദേശ റഡാര്‍ സംവിധാനങ്ങളും ആക്രമിച്ചിരുന്നു. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാരോപിച്ചാണ് അമേരിക്കയുടെ ആക്രമണം.

Content Highlights: Iran and the United States have reportedly reached a temporary ceasefire understanding, bringing relief to West Asia. Further discussions are scheduled to be held in Qatar tomorrow.

To advertise here,contact us