വാഷിങ്ടണ്‍: യുഎസ് സെനറ്റില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തിരിച്ചടി. ഇറാനെതിരെ യുദ്ധം അവസാനിപ്പിക്കണമെന്ന് സെനറ്റില്‍ പ്രമേയം പാസാക്കി. യുദ്ധാധികാര പ്രമേയമാണ് പാസാക്കിയത്. 48 നെതിരെ 50 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്. നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരും പ്രമേയത്തെ പിന്തുണച്ചതോടെയാണ് പാസാക്കാന്‍ സാധിച്ചത്.
ഒരു ഡെമോക്രാറ്റ് അംഗം ഒഴികെ പാര്‍ട്ടിയിലെ ബാക്കിയെല്ലാവരും പ്രമേയത്തെ പിന്തുണച്ചു. രണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ജൂണ്‍ മൂന്നിന് 208ന് എതിരെ 215 വോട്ടുകള്‍ക്ക് പ്രതിനിധി സഭയും പ്രമേയം അംഗീകരിച്ചിരുന്നു. ഇറാനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇരുസഭകളും പാസാക്കുന്ന ആദ്യത്ത യുദ്ധാധികാര പ്രമേയമാണിത്.
കണ്‍കറന്റ് പ്രമേയമായിട്ടാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. കണ്‍കറന്റ് പ്രമേയത്തിന് സവിശേഷമായ ഭരണഘടനാ പദവിയുണ്ട്. പ്രസിഡന്റിന്റെ അടുത്തേക്ക് ഈ പ്രമേയം എത്താതെ പാസാക്കാന്‍ കഴിയും. അതായത് ട്രംപിന് പ്രമേയം ഔദ്യോഗികമായി വീറ്റോ ചെയ്യാന്‍ കഴിയില്ല. എന്നിരുന്നാലും വൈറ്റ് ഹൗസിന് നിയമപരമായി എതിര്‍ക്കാന്‍ സാധിക്കും.
അതേസമയം ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണമെന്നും യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രയേലിന് പ്രതിരോധിക്കാന്‍ കഴിയുമെന്നും നെതന്യാഹു വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ സൈനിക ചുമതലയുള്ള ഗഷ് എറ്റിസണുമായി നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.
'അമേരിക്ക ഇതുവരെ നല്കിയ സൈനിക ബലത്തിലും ആയുധശേഷിയിലും ഇസ്രയേല്‍ വളരെ കടപ്പെട്ടിരിക്കുന്നു. യുഎസ് എന്നും നല്ല സുഹൃത്താണ്. എന്നിരുന്നാലും ഇനി മുതല്‍ ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സ്വതന്ത്രമായി പോരാടണം. ഇസ്രയേലിന് വേണ്ട ആയുധങ്ങള്‍ നമ്മള് തന്നെ നിര്‍മ്മിക്കണം. ഇക്കാര്യത്തില്‍ ഇനി അമേരിക്കയെ ആശ്രയിക്കേണ്ടതില്ല', എന്നാണ് നെതന്യാഹു പറഞ്ഞത്.
Content Highlights: the US Senate has passed a resolution calling for an end to military action against Iran, marking a significant political setback for President Donald Trump