ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിനായി അംഗീകരിച്ച ധാരണയെ അമേരിക്കയുടെ പരാജയത്തിന്റെ പ്രഖ്യാപനം എന്ന് വിശേഷിപ്പിച്ച് ഇറാൻ. കഴിഞ്ഞ ആഴ്ച യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒപ്പുവെച്ച ധാരണായുമായി ബന്ധപ്പെട്ടാണ് ഇറാൻ്റെ പ്രതികരണം. തങ്ങളുടെ നയതന്ത്ര വിജയമായാണ് ഇറാൻ ഈ ധാരണയെ അവതരിപ്പിക്കുന്നത്. ഇസ്ലാമാബാദ് ധാരണ സമ്മർദ്ദത്തിന്റെയോ ഭീഷണിയുടെയോ ഫലമല്ല. ധീരരായ ഇറാൻ ജനതയുടെ പ്രതിരോധ മനോഭാവത്തിന്റെയും ശക്തിയുടെയും വിജയമാണ്. അതുകൊണ്ടാണ് ഇസ്ലാമാബാദ് ധാരണ അമേരിക്കയുടെ പരാജയത്തിന്റെ പ്രഖ്യാപനമായി മാറിയത്. മധ്യപൂർവേഷ്യയിലെ സുരക്ഷ ഉറപ്പാക്കേണ്ടത് ഈ മേഖലയിലെ രാജ്യങ്ങൾ തന്നെയാണ് എന്നായിരുന്നു അമേരിക്കയുമായുള്ള ചർച്ചകൾക്ക് ഇറാൻ്റെ ഭാഗത്ത് നിന്നും നേതൃത്വം വഹിച്ച പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പറഞ്ഞത്.
പ്രാദേശിക അസ്ഥിരതയ്ക്ക് അമേരിക്കയാണ് പ്രധാന കാരണമെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയ വ്യക്താവ് ഇസ്മായിൽ ബഘായിയും വ്യക്തമാക്കിയിട്ടുണ്ട്. എക്സ് പോസ്റ്റിലൂടെയായിരുന്നു ഇസ്മായിൽ ബഘായിയുടെ പ്രതികരണം. അമേരിക്കയുടെ നയങ്ങളാണ് പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിന് ഏറ്റവും വലിയ തടസ്സമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ആരെയും ഇത്തരം ആരോപണങ്ങൾ വിശ്വസിപ്പിക്കാനാവില്ല എന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ മാർക്കോ റൂബിയോ വ്യക്തമാക്കി. അമേരിക്കയുടെ സൈനിക ഇടപെടലുകളും ആധിപത്യ നയങ്ങളും തുടരുന്ന കാലത്തോളം, അവരുടെ അധിനിവേശ സഖ്യകക്ഷിയായ ഇസ്രായേൽ മേഖലയിലുട നീളം യുദ്ധങ്ങൾ തുടരുകയും, വംശഹത്യ, ഭീകരത, അക്രമം, മറ്റ് ക്രൂരതകൾ എന്നിവ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ സമാധാനം സാധ്യമല്ല എന്നും ബഘായി എക്സ് പോസ്റ്റിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇറാഖ് ആസ്ഥാനമായുള്ള സായുധ സംഘങ്ങളെയും, ഹിസ്ബുള്ളയെയും, ഹമാസിനെയും വിമർശിക്കുന്ന റൂബിയോയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശങ്ങൾക്ക് മറുപടിയായിട്ടായിരുന്നു ബഘായിയുടെ പ്രതികരണം. ഇറാൻ പിന്തുണയ്ക്കുന്ന സായുധ സംഘടനകളാണ് മേഖലയിലെ അസ്ഥിരതയ്ക്ക് കാരണമെന്ന് നേരത്തെ റൂബിയോ ആരോപിച്ചിരുന്നു.
അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണ് ഇറാനിൽ നിന്നുള്ള പ്രതികരണങ്ങൾ എന്നതാണ് ശ്രദ്ധേയം. ഇറാനുമായുണ്ടായ യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങൾക്ക വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് മാർക്കോ റൂബിയോയുടെ സന്ദർശനം. അമേരിക്കൻ ആക്രമണങ്ങൾക്ക് പ്രതികാരമായി ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നിരന്തരം ആക്രമണം നടത്തിയിരുന്നു. ചൊവ്വാഴ്ച യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായി റൂബിയോ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകളുടെ ഭാഗമായി മാർക്കോ റൂബിയോ കുവൈത്തിലും ബഹ്റൈനിലും സന്ദർശനം നടത്തും. ബഹ്റൈനിൽ നടക്കുന്ന ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (GCC) യോഗത്തിലും മാർക്കോ റൂബിയോ പങ്കെടുക്കും. ഇറാന്റെ മിസൈൽ പദ്ധതിയെയും അതിന്റെ പ്രാദേശിക സായുധ സഖ്യങ്ങളെയും കുറിച്ച് ഗൾഫ് രാജ്യങ്ങൾ ഉയർത്തുന്ന ആശങ്കകൾ പുതിയ ധാരണയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന ആശങ്കകൾ ഉയർന്നിരുന്നു. അതിനാൽ തന്നെ അമേരിക്ക ഇപ്പോഴും തങ്ങളുടെ സുരക്ഷാ പങ്കാളിയാണെന്ന് ഗൾഫ് സഖ്യരാജ്യങ്ങളെ ബോധ്യപ്പെടുത്തുകയാണ് റൂബിയോയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്.
Content Highlights: Iran has claimed that US policies remain the biggest obstacle to establishing lasting peace in the Middle East, criticizing Washington's role in regional conflicts and diplomatic efforts.