ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രാജിവെച്ചു

ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും കെയ്ർ സ്റ്റാർമർ രാജിവെച്ചിട്ടുണ്ട്

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാ‍ർമർ‌ രാജിവെച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും കെയർ സ്റ്റാർമർ രാജിവെച്ചിട്ടുണ്ട്. സെപ്റ്റംബറിൽ പാർലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ലേബർ പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ സ്റ്റാർമർ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. കഴിഞ്ഞ 10 വർഷത്തിനിടെ ബ്രിട്ടനിൽ രാജിവെയ്ക്കുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് കെയ്ർ സ്റ്റാർമർ. ലേബർ പാർട്ടിക്കുള്ളിലെ സമ്മർദ്ദത്തെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ട്.

സ്റ്റാര്‍മര്‍ക്കെതിരെ ലോബർ പാ‍ർട്ടിയിലെ ഒരുവിഭാഗം ശക്തമായ എതിര്‍പ്പുമായി രം​ഗത്ത് വന്നിരുന്നു. നൂറിലധികം പാർട്ടി ജനപ്രതിനിധികളും കെയ്‍ർ സ്റ്റാർമർ രാജിവെയ്ക്കണമെന്ന സമ്മ‍‌‍ർദ്ദം ശക്തമാക്കിയിരുന്നു. ഇതോടെയാണ് രാജിവെയ്ക്കാൻ സ്റ്റാർമർ തീരുമാനിച്ചത്. കാബിനറ്റ് മന്ത്രിമാര്‍ അടക്കമുള്ള പ്രധാന സഹപ്രവ‍ർത്തകരുമായി ച‍ർച്ച നടത്തിയ ശേഷമാണ് കെയ്‍ർ സ്റ്റാ‍ർമറുടെ രാജിപ്രഖ്യാപനം.

രാജിവെയ്ക്കാനുള്ള തീരുമാനം രാവിലെ കെയ്ർ സ്റ്റാർമാർ ഫോൺവഴി രാജാവിനെ അറിയിച്ചിരുന്നു. പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമം ആരംഭിക്കാനും സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പൂർത്തീകരിക്കാനും സ്റ്റാർ‌മർ ലേബർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികം, പ്രതിരോധം, രാജ്യസുരക്ഷാ മേഖലകളിൽ വിശ്വാസം വീണ്ടെടുക്കാൻ തൻ്റെ ഭരണകാലത്ത് സാധിച്ചെന്നും കെയ്ർ സ്റ്റാർമർ വ്യക്തമാക്കിയിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന നേതാവിന് പൂർണ്ണ പിന്തുണ നൽകുമെന്നും സ്റ്റാർമർ വ്യക്തമാക്കിയിട്ടുണ്ട്.

400ൽ അധികം സീറ്റുകൾ നേടിയായിരുന്നു കെയ്ർ സ്റ്റാർമറുടെ നേതൃത്വത്തിൽ 2024ൽ ലേബർ പാർട്ടി അധികാരത്തിൽ വന്നത്. ഋഷി സുനകിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ ഉണ്ടായിരുന്നു കൺസർവേറ്റീവ് പാർട്ടി സർക്കാറിന് സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ തിരിച്ചടിയായിരുന്നു. ബ്രിട്ടനിലെ ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തു എന്നായിരുന്ന അധികാരത്തിൽ വന്നതിന് പിന്നാലെ കെയ്ർ സ്റ്റാർമറുടെ പ്രതികരണം. ബ്രിട്ടനെ സംബന്ധിച്ച് പുതു ചരിത്രം കുറിച്ചതായിരുന്നു സ്റ്റാർമർ മന്ത്രിസഭ. ആകെയുള്ള 25 അം​ഗമന്ത്രി സഭയിൽ 11 പേരും വനിതകളായിരുന്നു.

UK Prime Minister Keir Starmer has announced his resignation amid mounting political pressure and internal challenges within the Labour Party. The development marks a significant shift in British politics

To advertise here,contact us