ജനീവ: ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി (IAEA)യുടെ പരിശോധനാ സംഘത്തെ വീണ്ടും പരിശോധനയ്ക്ക് അനുവദിക്കാൻ ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഐഎഇഎയുമായുള്ള ചർച്ചകൾ ഇന്നുതന്നെ ആരംഭിച്ചേക്കാമെന്നും അമേരിക്കൻ വൈസ് പ്രസിഡൻ്റ് വ്യക്തമാക്കി.
ഐഎഇഎ പരിശോധനാ സംഘം എപ്പോൾ ഇറാനിലേക്ക് മടങ്ങിയെത്തുമെന്ന ചോദ്യത്തോടായിരുന്നു ജെ ഡി വാൻസിൻ്റെ പ്രതികരണം. 'കുറഞ്ഞത് ഈ ആഴ്ചയ്ക്കുള്ളിൽ നടപടികൾ ആരംഭിക്കും. ഐഎഇഎയുമായുള്ള ചർച്ചകൾ ഇന്നുതന്നെ ആരംഭിക്കാനും സാധ്യതയുണ്ട്' എന്നായിരുന്നു വാൻസിന്റെ മറുപടി. ഇറാനുമായുള്ള അന്തിമ കരാറിലേക്കുള്ള ആദ്യഘട്ട ചർച്ചകൾ മികച്ച പുരോഗതി കൈവരിച്ചതായും വാൻസ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും മേഖലയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള ഏകോപന സംവിധാനവും ചർച്ചകളിൽ പ്രധാന വിഷയങ്ങളായിരുന്നുവെന്നും ജെ ഡി വാൻസ് കൂട്ടിച്ചേർത്തു.
ആണവ വിഷയമാണ് അമേരിക്കയ്ക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന മേഖലയെന്നും ഇറാന്റെ ആണവായുധ പദ്ധതി സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ആദ്യ സുപ്രധാന ചുവടുവയ്പ്പാണിതെന്നും ജെ ഡി വാൻസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവെച്ച 14-വിഷയ ധാരണാപത്രത്തിൽ (MoU) ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഉൾപ്പെടുത്തിയിരുന്നു.
അതേസമയം തങ്ങളുടെ ആണവ പദ്ധതി സമാധാനപരവും സിവിലിയൻ ആവശ്യങ്ങൾക്കുമുള്ളതാണെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. ധാരണാപത്രത്തിൽ, ഇറാന്റെ ഉയർന്ന തോതിൽ സമ്പുഷ്ടമാക്കിയ യുറേനിയം ശേഖരവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഐഎഇഎയുടെ മേൽനോട്ടവും പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിരവധി രാജ്യങ്ങളും ഐഎഇഎയും ഇതിൽ പൂർണ വിശ്വാസം പ്രകടിപ്പിച്ചിട്ടില്ല. സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്കിൽ നടന്ന ആദ്യഘട്ട ചർച്ചകൾക്ക് ശേഷം ഇറാൻ പ്രതിനിധി സംഘം മടങ്ങിയതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സാങ്കേതികതല ചർച്ചകൾ തുടരുമെന്നാണ് വിവരം.
2015-ൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി ഇറാൻ ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (JCPOA) എന്നറിയപ്പെടുന്ന ആണവ കരാറിൽ ഒപ്പുവെച്ചിരുന്നു. ഈ കരാർ പ്രകാരം ഇറാന്റെ ആണവ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഐഎഇഎയ്ക്ക് എല്ലാ ആണവ കേന്ദ്രങ്ങളും പരിശോധിക്കാനുള്ള അനുമതി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് 2018-ൽ അമേരിക്ക ഈ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. കരാർ സ്ഥിരസ്വഭാവമുള്ളതല്ലെന്നും ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയെ ഉൾപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു പിന്മാറുന്നതിനുള്ള കാരണമായി അമേരിക്ക ചൂണ്ടിക്കാണിച്ചിരുന്നത്. 2025 ജൂണിൽ ഇസ്രായേലും അമേരിക്കയും ആണവകേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ ഇവിടേയ്ക്കുള്ള പ്രവേശനം ഇറാൻ നിർത്തി വെയ്ക്കുകയായിരുന്നു. തുടർന്ന് ജൂലൈയിൽ ഇറാനിൽ അവശേഷിച്ചിരുന്ന പരിശോധനാ സംഘത്തെ ഐഎഇഎ പിൻവലിച്ചിരുന്നു.
Content Highlights: Iran has agreed to international nuclear inspections, according to JD Vance. The announcement comes amid ongoing global efforts to monitor Iran's nuclear program and ease regional tensions.