തെഹ്റാന്: ഇറാന്-യുഎസ് കരാറില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ആണവ പദ്ധതികള്‍ നിലനിര്‍ത്തുമെന്ന് അറിയിച്ച് ഇറാന്.ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇറാന് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. ഇറാന് വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിയത്.
യുഎസുമായുള്ള ധാരണാപത്രത്തില്‍ പരാമര്‍ശിക്കുന്നത് പോലെ അന്തിമ കരാറില്‍ ഏര്‍പ്പെടുന്നത് വരെ ഇറാന് തങ്ങളുടെ ആണവ പദ്ധതി നിലവിലെ സ്ഥിതി നിലനിര്‍ത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവച്ച മറ്റ് സൗകര്യങ്ങളുടെ പരിശോധനകളും തുടരുമെന്നും ഇറാന് അറിയിച്ചു.
അതിനിടെ, വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കാനിരുന്ന യുഎസും ഇറാനും തമ്മിലുള്ള കൂടിക്കാഴ്ച മാറ്റിവച്ചതായി ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അന്തിമ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ധാരണാപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഇറാന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇറാൻ-യുഎസ് സമാധാന കരാറിൽ ഒപ്പിട്ടത്. കരാറിൽ ഒപ്പിട്ടതായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇറാനുമായി കരാറിൽ ഏർപ്പെട്ടെന്നും ഇനി സമാധാനത്തിൻ്റെ നാളുകളാണെന്നും ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മൂന്ന് മാസത്തോളം നീണ്ടുനിന്ന സംഘര്‍ഷങ്ങള്‍ക്ക് ഒടുവിലാണ് കരാറിന് ധാരണയായത്. ഇറാന് ആണവായുധം നിര്‍മ്മിക്കില്ലെന്നും പ്രതിസന്ധികള്‍ ഇതോടെ അവസാനിച്ചെന്നും ട്രംപ് അറിയിച്ചിരുന്നു.
Content Highlights:Iran has reiterated that its nuclear program will continue until a final agreement is reached with the United States, underscoring that key nuclear issues remain unresolved despite ongoing negotiations.