പാരിസ്: തന്നോടൊപ്പം ചിത്രം പകര്‍ത്താന്‍ മെലോനി അപേക്ഷിച്ചു എന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ പരാമര്‍ശത്തിന് മറുപടിയുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. ട്രംപിൻ്റെ പരാമര്‍ശം പൂര്‍ണമായും ഭാവനാ സൃഷ്ടിയാണെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു. സഖ്യകക്ഷികളോടുള്ള ട്രംപിൻ്റെ സമീപനത്തിലെ നിരാശയും മെലോനി രേഖപ്പെടുത്തി.
ജി7 ഉച്ചകോടിക്കിടെ മെലോനി തന്നോടൊപ്പം ചിത്രമെടുക്കണമെന്ന് അപേക്ഷിച്ചു എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെ ആയിരുന്നു പരാമര്‍ശം. താന്‍ മെലോനിയോട് സംസാരിച്ചാല്‍ അവര്‍ക്ക് സന്തോഷമായേക്കുമെന്നും എന്നാല്‍ തനിക്കവരോട് സംസാരിക്കേണ്ടതില്ലെന്നും അഭിമുഖത്തിനിടെ ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ട്രംപിൻ്റെ പരാമര്‍ശം തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം എന്തിനാണ് ഇത്തരം ഭാവനാ സൃഷ്ടികല്‍ പറയുന്നതെന്നറിയില്ലെന്നുമായിരുന്നു മെലോനിയുടെ മറുപടി. താനോ ഇറ്റലിയോ ആരോടും അപേക്ഷിക്കില്ലെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ജി7 ഉച്ചകോടിക്കിടെ ഇരുനേതാക്കളുടെയും ദീര്‍ഘനേരമുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
യൂറോപ്പില്‍ നിന്ന് ട്രംപിനെ പിന്തുണച്ചിരുന്ന നേതാക്കളില്‍ പ്രധാനിയായിരുന്നു ജോര്‍ജിയ മെലോനി. എന്നാല്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ വിമര്‍ശിച്ച മാര്‍പ്പാപ്പക്കെതിരായ ട്രംപിൻ്റെ നിലപാട് മെലോനിയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇരു നേതാക്കളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ശത്രുക്കള്‍ക്കെതിരായി ട്രംപ് മൃദുസമീപനം സ്വീകരിക്കുകയാണെന്ന വിമര്‍ശമവും മെലോനി ഉന്നയിച്ചിരുന്നു.
Content Highlights:Italian Prime Minister Giorgia Meloni responded to Donald Trump's remark about requesting a photo together, with the exchange drawing widespread attention and adding a fresh dimension to discussions surrounding their political interactions.