പശ്ചിമേഷ്യയിൽ ഇനി സമാധാനത്തിൻ്റെ പുലരി; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്

വെള്ളിയാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പിടും

വാഷിംഗ്ടൺ: ഇറാനുമായി സമാധാന കരാറിൽ ധാരണയായതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധം പിൻവലിക്കാനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറിൽ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാധാന കരാർ അന്തിമമായതായി അറിയിച്ചു, വെള്ളിയാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ ഒപ്പിടും. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. അമേരിക്കയും ഇറാനും തമ്മിൽ ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിന് ഉടൻ വിരാമമാകുന്നതായി ഇറാന്റെ ഉപ വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രംപിൻ്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രഖ്യാപനം.



“The Deal with Islamic Republic of Iran is now complete. Congratulations to all!” President Donald J. Trump 🇺🇸 pic.twitter.com/RdSwyEdEtO

'ഹോർമുസ് കടലിടുക്ക് ടോൾ ഈടാക്കാതെയുള്ള കപ്പൽഗതാഗതത്തിനായി പൂർണമായി തുറക്കാൻ ഞാൻ അനുമതി നൽകുന്നു. അതോടൊപ്പം തന്നെ അമേരിക്കൻ നാവിക ഉപരോധവും ഉടൻ പിൻവലിക്കുന്നു. ലോകത്തിലെ എല്ലാ കപ്പലുകളും വീണ്ടും യാത്ര ആരംഭിക്കട്ടെ. എണ്ണ സ്വതന്ത്രമായി ഒഴുകട്ടെ' എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള കരാർ ഹോർമൂസ് കടലിടുക്കിലൂടെ ചുങ്കരഹിത കപ്പൽഗതാഗതത്തിന് വഴിയൊരുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മഹത്തായ കരാർ മുഴുവൻ മേഖലയ്ക്കും സമാധാനവും സുരക്ഷയും നൽകും എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്. ഇറാനുമായി കൂടുതൽ സമഗ്രമായ സമാധാന ഉടമ്പടി ഉടൻ ഉണ്ടാകുമെന്ന സൂചനയും അമേരിക്കൻ പ്രസിഡൻ്റ് നൽകിയിട്ടുണ്ട്. 'എനിക്ക് മുമ്പ് പല പ്രസിഡന്റുമാർ ഇറാനുമായി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ മേഖലയിലെ നേതാക്കൾക്ക് യഥാർത്ഥ സമാധാനം കൈവരിക്കാൻ സഹായിക്കുന്ന പ്രസിഡന്റിനെ അവർ ആദ്യമായി കണ്ടെത്തിയിരിക്കുന്നു. വെള്ളിയാഴ്ച കരാർ ഒപ്പുവെക്കുന്നതോടെ കടലിടുക്കിലെ മൈനുകൾ നീക്കംചെയ്യുകയും ഇരുവശത്തേക്കും എണ്ണയുടെ ഒഴുക്ക് പുനരാരംഭിക്കുകയും ചെയ്യും' എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

കരാർ സ്ഥിരീകരിച്ച ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ 'അമേരിക്കക്കെതിരായ വിജയത്തിന്റെ ഫലം' എന്ന നിലയിലാണ് സമാധാന കരാറിനെ വിശേഷിപ്പിച്ചത്. 'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അമേരിക്കൻ-സയണിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ വിജയം നേടിയിരിക്കുന്നു. ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കുന്നു. നാവിക ഉപരോധവും ഉടൻ പിൻവലിക്കും. ജൂൺ 19 വെള്ളിയാഴ്ച ധാരണാപത്രത്തിൽ (MoU) ഔദ്യോഗികമായി ഒപ്പുവെക്കും. അമേരിക്ക തങ്ങളുടെ പ്രതിബദ്ധതകൾ പാലിച്ചതിന് ശേഷമേ അന്തിമ കരാർ നടപ്പിലാക്കൂ' എന്നായിരുന്നു ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ പ്രസ്താവനയിലൂടെ പ്രതികരിച്ചത്.

അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിച്ചേർന്നതായി മധ്യസ്ഥ ചർച്ചകളിൽ പങ്കാളിയായ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. 'വിപുലമായ ചർച്ചകൾക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ കൈവരിച്ചതായി സന്തോഷപൂർവ്വം അറിയിക്കുന്നു. ലെബനൻ ഉൾപ്പെടെ എല്ലാ മേഖലകളിലുമുള്ള സൈനിക പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്' എന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് എക്സിൽ കുറിച്ചത്. അടുത്ത വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ വെച്ച് കരാറിൽ അന്തിമമായി ഒപ്പിടുമെന്നും പാകിസ്താൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള മധ്യസ്ഥ ശ്രമത്തിൽ നിർണായക പങ്കുവഹിച്ച ഖത്തർ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾക്കും ഷെരീഫ് നന്ദി രേഖപ്പെടുത്തി.

ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കരാറിനെ സ്വാഗതം ചെയ്തു. ജി 7 ഉച്ചകോടിയ്ക്കായി ലോക നേതാക്കൾ ഫ്രാൻസിലേയ്ക്ക് എത്തിക്കൊണ്ടിരിക്കെയാണ് അമേരിക്ക-ഇറാൻ സമാധാന കരാറിൽ അന്തിമ ധാരണയായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാക്രോണിൻ്റെ പ്രതികരണം പുറത്ത് വരുന്നത്. 'അമേരിക്കയും ഇറാനും തമ്മിൽ കൈവരിച്ച ഈ കരാർ നിരവധി രാജ്യങ്ങളുടെ നയതന്ത്രശ്രമങ്ങളുടെ ഫലമാണ്. കരാർ പൂർണമായും വേഗത്തിൽ നടപ്പാക്കണമെന്ന് എല്ലാ കക്ഷികളോടും ഞാൻ അഭ്യർത്ഥിക്കുന്നു' എന്നായിരുന്നു മാക്രോണിൻ്റെ പ്രതികരണം. ഹോർമൂസ് കടലിടുക്ക് അടിയന്തരമായി തുറക്കേണ്ടതിന്റെ ആവശ്യകതയും മാക്രോൺ ചൂണ്ടിക്കാട്ടി. പ്രാദേശിക സ്ഥിരതയ്ക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും തടസ്സങ്ങളില്ലാത്ത സമുദ്രഗതാഗതം അനിവാര്യമാണെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

കരാർ പശ്ചിമേഷ്യയിൽ ഒരു 'പുതിയ യുഗത്തിന്' തുടക്കമിടുമെന്നാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രതികരിച്ചത്. 'പ്രസിഡന്റ് ട്രംപ് ഈ മേഖലയെ മാറ്റിമറിക്കാൻ യഥാർത്ഥ അവസരം സൃഷ്ടിച്ചിരിക്കുന്നു. ഇനി ഇറാനുമായി ഒരു പുതിയ അധ്യായം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇറാൻ ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ലെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പറയാം. ഇത് അമേരിക്കൻ ജനതയുടെ വലിയ നേട്ടമാണ്' എന്നായിരുന്നു അമേരിക്കൻ വൈസ് പ്രസിഡൻ്റിൻ്റെ പ്രതികരണം.

നേരത്തെ ഇസ്രായേൽ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് കരാർ തകരുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് ഡോണൾഡ് ട്രംപ് രം​ഗത്ത് വന്നിരുന്നു. 'ഇറാനുമായി സമാധാന കരാറിലേക്കുള്ള ശ്രമങ്ങൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്ന ഈ പ്രത്യേക ദിവസത്തിൽ ബെയ്റൂട്ടിനെതിരായ ഇസ്രായേലിന്റെ ആക്രമണം സംഭവിക്കാൻ പാടില്ലായിരുന്നു'വെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. 'ലെബനനിൽ ഉൾപ്പെടെ മുഴുവൻ മേഖലയിലും സമാധാനം കൊണ്ടുവരുന്ന ഒരു കരാറിനോട് നാം വളരെ അടുത്തിരിക്കുകയാണ്. അതിനാൽ എല്ലാവരും ആക്രമണങ്ങളിൽ നിന്ന് പിന്മാറണ'മെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. 'ഇത് ദീർഘകാലത്തേക്കുള്ളതും മനോഹരവുമായ സമാധാനത്തിന്റെ തുടക്കമാകാം. അത് നശിപ്പിക്കരുത്' എന്നായിരുന്നു ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

Content Highlights: Former U.S. President Donald Trump has announced that an agreement has been reached on a peace deal with Iran, raising hopes for stability and a new era of peace in West Asia. Read the latest developments and implications of the reported agreement

To advertise here,contact us