വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുറേനിയം സമ്പുഷ്ടീകരണം, ഉപരോധം റദ്ദാക്കൽ, യുദ്ധക്കെടുതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ചർച്ചകൾ മരവിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ യുഎസ് മുന്നോട്ടു വെച്ചിരിക്കുന്ന ഉപാധികളെ കുറിച്ച് ഇറാൻ മാധ്യമമായ ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.
ഇറാൻ നാനൂറ് കിലോഗ്രാം സമ്പൂഷ്ടീകരിച്ച യുറേനിയം കൈമാറണം, ഇറാന്റെ ഒരേയൊരു ആണവനിലയം മാത്രമേ പ്രവർത്തനക്ഷമമാകാന് പാടുള്ളു, യുദ്ധ നഷ്ടപരിഹാരമെന്ന ആവശ്യം ഒഴിവാക്കണം, മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ആസ്തികൾ അങ്ങനെ തന്നെ തുടരും, ചർച്ചകൾ പൂർത്തിയാകാതെ യുദ്ധം പൂർണമായും അവസാനിപ്പിക്കില്ല എന്നീ നിലപാടുകളാണ് ട്രംപ് മുന്നോട്ടു വയ്ക്കുന്നതെന്ന് ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.
ഇതിന് പ്രതികരണമായി ഇറാനും അഞ്ചോളം ഉപാധികൾ മുന്നോട്ടുവച്ചിട്ടുണ്ട്. ലെബനനിൽ ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണം, ഇറാന് മേലുള്ള ഉപരോധം നീക്കം ചെയ്യണം, വിദേശത്തെ ആസ്തികൾ മരവിപ്പിച്ച തീരുമാനം മാറ്റണം, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം ലഭിക്കണം, ഹോർമൂസ് കടലിടുക്കിന്റെ പരമാധികാരം ഇറാനാണെന്ന് അംഗീകരിക്കണം എന്നീ ആവശ്യങ്ങൾ പരിഗണിച്ചാൽ ചർച്ചയ്ക്ക് തയ്യാറെന്നാണ് ഇറാന്റെ നിലപാട്.
രാജ്യത്തിനുള്ളിലെ 'തീവ്രവാദ സംഘ'ങ്ങളെ പിന്തുണച്ച് കൊണ്ട് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഇറാനെ അസ്ഥിരമാക്കാനാണ് യുഎസും ഇസ്രയേലും ശ്രമിക്കുന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആരോപിച്ചു. പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വിയുമായുള്ള യോഗത്തിനിടെ ആയിരുന്നു പെസഷ്കിയാന്റെ പ്രസ്താവന. എന്നാൽ തങ്ങളുടെ അയൽരാജ്യങ്ങൾ അവരുടെ പ്രദേശങ്ങളിൽ നിന്നും കരുനീക്കം നടത്താൻ ഇസ്രയേലിനെയും യുഎസിനെയും അനുവദിക്കാതെ ഇരുന്നതാണ് അവരുടെ പദ്ധതികൾ തകിടം മറിയാൻ കാരണമെന്ന് പറഞ്ഞ അദ്ദേഹം പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Content Highlights: Donald Trump issued a strong warning regarding Iran, saying the country could face massive destruction if immediate action is not taken