ബീജിങ് : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻറ് ഷി ജിങ്പിങും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. ഇതിനായി ഡോണൾഡ് ട്രംപ് ബുധനാഴ്ച ചൈനയിലെത്തി. രണ്ട് ദിവസം ഷി ജിങ്പിങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇറാൻ യുദ്ധം, തായ്വാൻ, എഐ, ചിപ്പ് നിയന്ത്രണങ്ങൾ തുടങ്ങിയവ പ്രധാന വിഷയമാകും. ഒമ്പത് വർഷത്തിന് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്. ഇതിനുമുമ്പ് 2017-ൽ ട്രംപ് തന്നെയാണ് ചൈന സന്ദർശിച്ച അവസാന യുഎസ് പ്രസിഡന്റ്.
പശ്ചിമേഷ്യയിൽ ഇറാനെതിരായ യുഎസ്–ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോള ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലുമാണ് ഡോണൾഡ് ട്രംപിൻ്റെ ചൈന സന്ദർശനം. ഇറാനുമായുള്ള യുഎസ് യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സ്ഥിരത ഉറപ്പാക്കാനുമുള്ള നീക്കങ്ങളാണ് ചൈന നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായുള്ള ചൈനയുടെ സാമ്പത്തിക ബന്ധം ഉപയോഗിച്ച് സമാധാന കരാറിലെത്താനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും യുഎസ് സമ്മർദം ചെലുത്തിയേക്കും.
ഷി ജിങ്പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് ട്രംപ് ടെമ്പിൾ ഓഫ് ഹെവൻ സന്ദർശിക്കും. തുടർന്ന് ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കും. വെള്ളിയാഴ്ചയും ഇരുനേതാക്കളും കൂടിക്കാഴ്ച തുടരും. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും ചൈനീസ് ഉപ പ്രധാനമന്ത്രി ഹെ ലിഫെങ്ങും ദക്ഷിണ കൊറിയയിൽ ചൊവ്വയും ബുധനുമായി ചർച്ചകൾ നടത്തിയിരുന്നു.
Content Highlight : meeting between US President Donald Trump and Chinese President Xi Jinping scheduled for today amid growing global attention on US-China relations, trade, and geopolitical issues.