മോസ്കോ: നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയാണെന്ന് അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്. യുദ്ധം അവസാനിപ്പിക്കാന്‍ സഹായിച്ചത് യുഎസ് ആണെന്നും അതിന് നന്ദി അറിയിക്കുന്നുവെന്നും പുടിന് പറഞ്ഞു. ഇരുരാജ്യങ്ങളും മൂന്ന് ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും യുദ്ധ തടവുകാരെ കൈമാറണമെന്നും ട്രംപ് നിര്‍ദേശിച്ചിരുന്നു. മെയ് 9 മുതല്‍ 11വരെ വെടിനിര്‍ത്തല്‍ നടപ്പിലാക്കി ആയിരത്തോളം യുദ്ധ തടവുകാരെ പരസ്പരം കൈമാറണമെന്നായിരുന്നു ട്രംപ് ആവശ്യപ്പെട്ടത്.
ചര്‍ച്ചകള്‍ സുഗമമാക്കിയതിന് യുഎസിനോട് നന്ദിയുള്ളവരാണെന്ന് പുടിൻ പറഞ്ഞു. ഇത് റഷ്യയ്ക്കും യുക്രൈനും വേണ്ടിയുള്ള കാര്യമാണ്. യുക്രൈൻ സംഘര്‍ഷം അവസാനിക്കുന്നു. ട്രംപ് നിര്‍ദേശിച്ച യുദ്ധ തടവുകാരുടെ കൈമാറ്റത്തിനായി യുക്രൈൻ്റെ പ്രതികരണത്തിന് കാത്തിരിക്കുകയാണ്. യുക്രൈന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുടിന് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ സമാധാനചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ നടപ്പാക്കല്‍, അതിന്റെ മേല്‍നോട്ടം തുടങ്ങിയ കാര്യങ്ങളില്‍ ധാരണയായിരുന്നു. എന്നാല്‍ ഭൂപ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് യുക്രൈന് പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്കി അന്ന് പറഞ്ഞത്. റഷ്യ പിടിച്ചെടുത്ത യുക്രൈന്റെ വ്യാവസായിക മേഖലയായ ഡോണ്‍ബാസടക്കമുള്ള പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. മാത്രമല്ല റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രൈൻ്റെ സപൊറീഷയുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
Content Highlights: Russian President Vladimir Putin expressed gratitude to the United States as developments indicated progress toward ending the Russia Ukraine war.