'നിർണായകവും ചരിത്രപരവുമായ വിജയം'; ബം​ഗാളിലെ ബിജെപി വിജയത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ട്രംപ്

ഫോണിൽ വിളിച്ചാണ് ട്രംപ് മോദിയെ അഭിനന്ദിച്ചത്

വാഷിം​ഗ്ടൺ: പശ്ചിമ ബം​ഗാളിൽ ബിജെപി മികച്ച വിജയം നേടിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബം​ഗാളിൽ ബിജെപിക്ക് നിർണായകവും ചരിത്രപരവുമായ വിജയമാണ് ലഭിച്ചതെന്ന് ട്രംപ് പറഞ്ഞു. ഫോണിൽ വിളിച്ചാണ് ട്രംപ് മോദിയെ അഭിനന്ദിച്ചത്.

അതിനിടെ പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ് ഫലത്തിൽ കടുത്ത ആരോപണങ്ങൾ ഉയർത്തി മമത ബാനർജി രംഗത്തെത്തി. ‍തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് മമത പറയുന്നത്. തെരഞ്ഞെടുപ്പ് ഫലം യഥാർത്ഥ പൊതുജനാഭിപ്രായമല്ലെന്നും ഗൂഢാലോചനയുടെ ഫലമാണെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പിൽ ടിഎംസിയുടെ മത്സരം ബിജെപിക്കെതിരെയല്ല, മറിച്ച് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണെന്നും മമത കുറ്റപ്പെടുത്തി.

നാലാമതും ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ച തൃണമൂല്‍ കോണ്‍ഗ്രസിന് ബംഗാളില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപി 207 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസും എജെയുപിയും രണ്ട് സീറ്റില്‍ ഒതുങ്ങി. സിപിഐഎമ്മും എഐഎസ്എഫും ഓരോ സീറ്റുകളും നേടി. മുഖ്യമന്ത്രി മമത ബാനര്ർജിയും കനത്ത തോൽവിയാണ് നേരിട്ടത്. ഭബാനിപൂരിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് 15,105 വോട്ടുകൾക്കാണ് മമത ബാനർജി പരാജയം ഏറ്റുവാങ്ങിയത്. സുവേന്ദു അധികാരി 73,917 വോട്ടുകൾ നേടിയപ്പോൾ മമതയ്ക്ക് നേടാനായത് 58,812 വോട്ടുകളാണ്.

Content Highlights: US President Donald Trump congratulates Narendra Modi for BJP's landslide victory in West Bengal

To advertise here,contact us