അമേരിക്കയുടെ ഉപരോധത്തിനിടയിലും ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടാങ്കർ

എൽപിജി സൂപ്പർ ടങ്കർ സർവ്വ ശക്തിയാണ് ശനിയാഴ്ച ഹോർമൂസ് കടലിടുക്ക് കടന്നത്

ന്യൂഡൽഹി: ഹോർമൂസിൽ അമേരിക്കയുടെ ഉപരോധം തുടരുന്ന സാഹചര്യത്തിലും കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി ടങ്കർ. എൽപിജി സൂപ്പർ ടങ്കർ സർവ്വ ശക്തിയാണ് ശനിയാഴ്ച ഹോർമൂസ് കടലിടുക്ക് കടന്നത്. 45,000 ടൺ എൽപിജിയാണ് ടാങ്കർ വഹിക്കുന്നത്. കടലിടുക്കിൽ ഇറാനും അമേരിക്കയും ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് കപ്പലിൻ്റെ സഞ്ചാരമെന്നത് ശ്രദ്ധേയമാണ്.

മറൈൻ ട്രാഫിക് ഡോട്ട്കോമിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് മാർച്ച് മൂന്നിന് യുഎഇയിൽ നിന്ന് പുറപ്പെട്ട കപ്പൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കാരണം പേർഷ്യൻ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ചരക്കുകൾ കൈമാറുന്നതെന്നാണ് റിപ്പോർട്ട്.

യുദ്ധം ആരംഭിച്ചതിൽ പിന്നെ നിരവധി കപ്പലുകൾ ഹോർമൂസ് കടന്നിട്ടുണ്ടെങ്കിലും അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ കപ്പൽ ഹോർമൂസ് കടക്കുന്നത്. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.

നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക കപ്പലുകളും ഹോർമൂസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുന്ന സമയത്താണ് സർവ്വ ശക്തി കടലിടുക്ക് കടന്നത്. തുടർച്ചയായ ഉപരോധങ്ങളും മറ്റ് അനിശ്ചിതത്വങ്ങളും ഹോർമൂസിലൂടെയുള്ള ഗതാഗതത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സൈനിക ഭീഷണികളടക്കം ഉയർന്നതോടെ പല കപ്പലുകളും യാത്രയിൽനിന്ന് പിന്തിരിയുകയും ചെയ്‌തിരുന്നു.

Content Highlights: Indian LPG tanker passes through Strait of Hormuz despite US blockade

To advertise here,contact us