വാഷിങ്ടൺ: അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെ പി മോർഗൻ ചേസിലെ മുതിർന്ന ദ്യോഗസ്ഥയ്ക്കെതിരെ സഹപ്രവർത്തകൻ്റെ ലൈംഗികാതിക്രമ പരാതി. ജെ പി മോർഗൻ ചേസിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ ലോർണ ഹജ്ദിനിക്കെതിരെയാണ് സഹപ്രവർത്തകൻ പരാതിയുമായി കോടതിയെ സമീപിച്ചത്. ലൈംഗികവൃത്തിക്കായി നിർബന്ധിച്ചെന്നും ലഹരിമരുന്ന് നൽകി ലൈംഗികമായി ഉപദ്രവിച്ചെന്നും വംശീയമായി അധിക്ഷേപിച്ചെന്നുമാണ് ആരോപണം. ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തൻ്റെ കരിയർ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
2024 മുതൽ അതിക്രമം നേരിട്ടതായാണ് പരാതിക്കാരൻ പറയുന്നത്. ഓഫീസിനുള്ളിൽ വെച്ചുപോലും അതിക്രമം കാണിച്ചു. പറയുന്നത് അനുസരിച്ചില്ലെങ്കിൽ പ്രമോഷൻ ലഭിക്കില്ലെന്നും ജോലി ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. വിവിധയിടങ്ങളിൽ വെച്ച് മയക്കുമരുന്ന് നൽകി ലൈംഗികമായി ഉപയോഗിച്ചു. തൻ്റെ താമസസ്ഥലത്ത് വന്നും അതിക്രമം തുടർന്നുവെന്നും പരാതിയിൽ പറയുന്നു
സ്ഥാപനത്തിൽ പരാതിപ്പെട്ടാൽ കൃത്യമായ അന്വേഷണം നടക്കില്ലെന്ന ധാരണയിൽ 2024 അവസാനം മുതൽ ജീവനക്കാരൻ മറ്റ് സ്ഥാപനത്തിൽ ജോലിക്കായി ശ്രമിച്ചിരുന്നു. എന്നാൽ സ്ഥാപനമാറ്റം പോലും ലോർണ ഹജ്ദിനി ഇടപെട്ട് തടഞ്ഞു. തുടർന്ന് കഴിഞ്ഞ വർഷം മെയിൽ ജീവനക്കാരൻ സ്വന്തം സ്ഥാപനത്തിൽ പരാതി നൽകുകയായിരുന്നു. അതിന് ശേഷം നിരന്തരം ഭീഷണി ഫോൺകോളുകൾ വന്നുതുടങ്ങി. സ്ഥാപനത്തിനുള്ളിൽ നിന്നുപോലും ഭീഷണിയുണ്ടായി. തുടർന്ന് പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു. അതേസമയം, ലോർണ ഹജ്ദിനിക്കെതിരായ പരാതി അന്വേഷിച്ചെന്നും അടിസ്ഥാനരഹിതമാണെന്നുമാണ് ജെ പി മോർഗൻ പ്രതികരിച്ചത്. നിലവിൽ ഹജ്ദിനി സ്ഥാപനത്തിൽ അതേ പദവിയിൽ തുടരുകയാണ്.
Content Highlights: An employee has filed a sexual harassment complaint against a senior official at American banking institution J.P. Morgan Chase.