അമ്പിളിക്കരികെ; ആര്‍ട്ടെമിസ് 2 ഭൂമി വിട്ടെന്ന് നാസ

ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ ബേണ്‍ പൂര്‍ത്തിയായതായി നാസ വ്യക്തമാക്കി

വാഷിങ്ടണ്‍: ആര്‍ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമാകുന്ന നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്. ഓറിയോണ്‍ പേടകം ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ ബേണ്‍ പൂര്‍ത്തിയായതായി നാസ വ്യക്തമാക്കി.

നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.

ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം സഞ്ചാരികള്‍ പരീക്ഷിക്കും.

തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവെയ്ക്കും. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും.

Content Highlights: Artemis II Astronauts Rocket Toward The Moon After Spending A Day Around Earth

To advertise here,contact us