വാഷിംഗ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക ഇതുവരെ നേടിയതിനേക്കാൾ മികച്ച വിജയമാണ് നേടിയതെന്നും അമേരിക്കൻ സൈന്യം ഇറാനെ തകർത്തില്ലാതാക്കിയെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ ഇതിനോടകം പരാജയപ്പെട്ടെന്നും ഇറാൻ്റെ നാവിക സേനയെ അമേരിക്ക തകർത്തെന്നും ട്രംപ് പറഞ്ഞു. അമേരിക്കയ്ക്കും ലോകരാജ്യങ്ങൾക്കും എതിരെ ഇറാൻ ഉയർത്തിയ ഭീഷണി അമേരിക്കയുടെ ഇടപ്പെടൽ കൊണ്ട് ഇല്ലാതാക്കിയെന്നും ട്രംപ് പ്രസ്താവിച്ചു. ഇന്ന് രാവിലെ (ഇന്ത്യൻ സമയം 6.40) ഡോണൾഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചിരുന്നു.
ഇറാനെതിരായ ആക്രമണത്തിൽ യുഎസ് എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും അടുത്ത രണ്ട്-മൂന്ന് ആഴ്ച്ചകൾ അമേരിക്കയ്ക്ക് വളരെ നിർണ്ണായകമാണെന്നും ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിട്ട ശേഷം അമേരിക്ക യുദ്ധം അവസാനിപ്പിക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറൻ ഇതുവരെയും കരാറിൽ ഏർപ്പെടാത്തതിനാൽ ഊർജ്ജനിലയങ്ങളെ ആക്രമിക്കുമെന്നും ട്രംപ് പറയുകയുണ്ടായി. ഇറാനിൽ അമേരിക്ക നടത്തുന്ന യുദ്ധം യുഎസിലെ ജനങ്ങൾക്കും അമേരിക്കൻ കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കും വേണ്ടിയാണെന്നും ഇറാനെ ആണവായുധങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് വിലക്കിയത് ഇതിനു വേണ്ടിയാണെന്നും ട്രംപ് പറഞ്ഞു. ഹോർമൂസ് ഉപരോധത്തിൽ പ്രതികരിക്കാതെ മറ്റ് രാജ്യങ്ങളെ ട്രംപ് പരിഹസിക്കുകയും ചെയ്തു. ധൈര്യം സംഭരിച്ച് ഹോർമൂസ് പിടിച്ചെടുക്കണമെന്നാണ് ട്രംപിൻ്റെ പ്രതികരണം. ഇറാന്റെ മിസൈൽ ശേഷി പൂർണ്ണമായും തകരുമെന്നും ഇനി കുറച്ച് മിസൈലുകൾ മാത്രമാണ് അവിടെ അവശേഷിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ അമേരിക്കൻ ജനങ്ങൾക്കായി തുറന്ന കത്തെഴുതിയിരുന്നു. അമേരിക്കൻ ജനങ്ങളോട് ഇറാന് ശത്രുതയില്ലെന്നാണ് ഇറാൻ പ്രസിഡൻ്റ് പറഞ്ഞത്. അമേരിക്കയുടെ കടന്നാക്രമണം ഇറാൻ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നത്. യുദ്ധം ചെയ്യുന്ന പാരമ്പര്യം ഇറാനില്ലെന്നും രാജ്യത്തിൻ്റെ പരമാധികാരത്തിനെതിരായ പ്രവർത്തനങ്ങളെ പ്രതിരോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇറാൻ വ്യക്തമാക്കി. ഇറാൻ്റെ ഭാഗത്ത് നിന്ന് എന്ത് പ്രവർത്തിയുണ്ടായിട്ടാണ് അമേരിക്ക രാജ്യത്തിനെതിരെ സൈനിക നടപടി എടുത്തതെന്നും ഇറാൻ പ്രസിഡൻ്റ് ചോദിച്ചു. ഇറാനെതിരായ സൈനിക നടപടി അമേരിക്കയ്ക്ക് ന്യായികരിക്കാൻ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി.
Content Highlights: 'US has won the war; will end the conflict after returning Iran to the Stone Age': Trump