തെഹ്റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി എവിടെയെന്ന ചോദ്യങ്ങളോട് പ്രതികരിച്ച് ഇറാനിലെ റഷ്യൻ അംബാസഡർ. യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിനിടെ പരിക്കേറ്റ മൊജ്തബ റഷ്യയിൽ ചികിത്സയിലാണെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിനിടെയാണ് പ്രതികരിച്ച് റഷ്യൻ അംബാസഡർ രംഗത്തെത്തിയത്. മൊജ്തബ ഇറാനിൽ തന്നെയുണ്ടെന്നാണ് അംബാസഡർ വ്യക്തമാക്കിയത്. ചില കാരണങ്ങളാൽ അദേഹം പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും അദേഹം വ്യക്തമാക്കി.
പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും അമേരിക്കയ്ക്കെതിരായ നിലപാട് വ്യക്തമാക്കി മൊജ്തബ പലതവണ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ മൊജ്തബയ്ക്ക് പരിക്കേറ്റെന്നും സുഖം പ്രാപിച്ചുവരികയാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇറാൻ സ്റ്റേറ്റ് ടി വി അടക്കമുള്ള ഇറാനിയൻ മാധ്യമങ്ങൾ മൊജ്തബ ഖമനയിക്ക് പരിക്കേറ്റെന്ന വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മകൻ മൊജ്തബ ഖമനയി ആ പദവിയിലേക്ക് എത്തുന്നത്.
അതേസമയം, അന്താരാഷ്ട്ര രാജ്യങ്ങൾക്ക് ഇനി അമേരിക്കയിൽ നിന്ന് സഹായമൊന്നും ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ഹോർമൂസ് കടലിടുക്കിൻ്റെ ഉപരോധത്തിനെതിരെ ഇറാനോട് യുദ്ധം ചെയ്യാൻ മറ്റ് രാജ്യങ്ങൾ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ പ്രതികരണം. 'ഇനി അമേരിക്കയിൽ നിന്ന് നിങ്ങൾക്ക് സഹായം ലഭിക്കില്ല, എണ്ണ വേണമെങ്കിൽ ഇറാനെതിരെ സ്വയം പോരാടി നേടണം', ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം.
Content Highlights:Where is Mojtaba Khamenei? Russian envoy clears the air on Iran Supreme Leader's whereabouts