'ഈ കുറ്റവാളികളെ ഓർക്കുക'; മിനാബ് സ്‌കൂളിൽ ആക്രമണത്തിന് നിര്‍ദേശിച്ച US ഉദ്യോഗസ്ഥരുടെ വിവരം പുറത്തുവിട്ട് ഇറാൻ

മിനാബ് സ്‌കൂളിൽ നടന്ന ആക്രമണത്തിൽ 168 കുട്ടികളായിരുന്നു കൊല്ലപ്പെട്ടത്

ടെഹ്‌റാന്‍: ഇറാനിലെ മിനാബില്‍ സ്‌കൂളില്‍ ആക്രമണം നടത്തിയ യുഎസ് നാവികസേന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിട്ട് ഇറാന്‍. 168 കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരുടെ പേരും ചിത്രവുമാണ് ഇറാന്‍ എക്‌സിലൂടെ പുറത്തുവിട്ടത്.

യുഎസ്എസ് സ്പ്രുവാന്‍സിലെ കമാന്‍ഡര്‍ ലെയ് ആര്‍ ടേറ്റ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഇ യോര്‍ക്ക് എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇറാന്‍ പറയുന്നത്. മിനാബിലെ സ്‌കൂളില്‍ 168 നിഷ്‌കളങ്കരായ കുട്ടികളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് നിര്‍ദേശം നല്‍കിയത് ഈ ഉദ്യോഗസ്ഥരാണ്. ഇവരുടെ നിര്‍ദേശ പ്രകാരം മൂന്ന് ടോമഹോക്ക് മിസൈലുകളാണ് മിനാബിലെ സ്‌കൂളിന് നേരെ തൊടുത്തുവിട്ടതെന്നും ഇറാന്‍ ആരോപിച്ചു.

മിനാബിലെ ഷജറേ ത്വയിബ ഗേള്‍സ് സ്‌കൂളില്‍ ഫെബ്രുവരി 28നായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ 168 കുട്ടികള്‍ ഉള്‍പ്പെടെ 175 പേരായിരുന്നു കൊല്ലപ്പെട്ടത്. സ്‌കൂളിന് നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാക്ചി ജനീവയില്‍ നടത്തിയ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു.

അതേസമയം സ്‌കൂളിന് നേരെ നടന്ന ആക്രമണം ഒരു പിഴവാണെന്നായിരുന്നു യുഎസ് സൈനിക അന്വേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പഴയ മാപ്പിങ് ഡാറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇതില്‍ പിഴവ് സംഭവിച്ചു. ലക്ഷ്യസ്ഥാനം നിര്‍ണയിക്കുന്നതിലും അപാകത സംഭവിച്ചു. സ്‌കൂളിന് തൊട്ടടുത്തുള്ള ഇറാനിയന്‍ സൈനിക താവളമായിരുന്നു ലക്ഷ്യംവെച്ചതെന്നും എന്നാല്‍ ഉന്നംപിഴയ്ക്കുകയായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇറാന്റെ കൈവശമുള്ള ആയുധങ്ങള്‍ കൃത്യതയില്ലാത്തതാണെന്നും ട്രംപ് പറഞ്ഞിരുന്നു.

Content Highlights- Iran has disclosed information about US officials it claims were involved in the Minab school attack and called on the public to remember those responsible

To advertise here,contact us