ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഇസ്രയേല്‍-ലെബനന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായത്

ബെയ്‌റൂത്ത്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ അല്‍ മനാര്‍ ചാനലില്‍ ദീര്‍ഘകാലം ജോലി ചെയ്തുവന്നിരുന്ന അലി ഷുഐബ് അല്‍ മയദീന്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഫാത്തിമ ഫതൂനി, ഫാത്തിമയുടെ സഹോദരനും വീഡിയോ ജേണലിസ്റ്റുമായ മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രയേല്‍-ലെബനന്‍ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായത്.

അതേസമയം അലി ഷുഐബിനെ മാത്രമാണ് ലക്ഷ്യംവെച്ചതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഷുഐബ് ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഭീകരനായിരുന്നുവെന്നാണ് ഇസ്രയേലിന്റെ വാദം. മാധ്യമപ്രവര്‍ത്തകന്റെ വേഷത്തില്‍ ഷുഐബ് ഇസ്രേല്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഇസ്രയേലിന്റെ ആരോപണം അല്‍ മനാര്‍ ചാനല്‍ അധികൃതര്‍ തള്ളി. ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഭാഗമല്ല അലി ഷുഐബ് എന്ന് അധികൃതര്‍ പറഞ്ഞു. തീര്‍ത്തും തെറ്റായ പ്രസ്താവനയാണത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും അല്‍ മനാര്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ അപലപിച്ച് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔണ്‍ രംഗത്തെത്തി. യുദ്ധ സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പാക്കുന്ന രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ജോസഫ് ഓണ്‍ പറഞ്ഞു. ഗുരുതര കുറ്റകൃത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

2023 മുതല്‍ ലെബനിന്‍ മാധ്യമപ്രവര്‍ത്തകരെ ഇസ്രയേല്‍ വ്യാപകമായി ലക്ഷ്യംവെയ്ക്കുകയാണ്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. റോയിട്ടേഴ്‌സ് ലേഖകന്‍ ഇസാം അബ്ദുള്ള ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് കാരണമായത് ഇസ്രയേല്‍ ടാങ്കറുകളില്‍ നിന്നുള്ള ഷെല്ലുകളാണെന്ന് സ്വതന്ത്ര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Content Highlights- Three journalists were killed in an Israeli attack in Lebanon. The incident has raised concerns about the safety of media personnel working in conflict zones amid ongoing tensions in the region

To advertise here,contact us