വാഷിംഗ്ടൺ: ഇറാൻ്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ ഭരണകൂടം തന്നെ ക്ഷണിച്ചെന്ന വിചിത്രവാദവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്നലെ നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണല്‍ കമ്മിറ്റിയുടെ ചടങ്ങിലാണ് ട്രംപിൻ്റെ വിചിത്രവാദം. 'ഇറാൻ്റെ പരമോന്നത നേതാവാക്കാനും ചുമതല വഹിക്കാനും ആർക്കും താത്പര്യമില്ല. അവിടുത്തെ ഭരണകൂടം പരമോന്നത സ്ഥാനമേൽക്കാൻ എന്നെ ക്ഷണിച്ചിരുന്നു. എന്നാൽ ഞാൻ അത് നിരസിച്ചു,' ട്രംപ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ചർച്ചയ്ക്ക് ക്ഷണിക്കുകയാണെന്ന അവകാശവാദത്തിന് പിന്നാലെയാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന. എന്നാൽ അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ അവകാശവാദത്തെ പൂര്‍ണമായും തള്ളുന്ന നിലപാടാണ് ഇറാന് മുന്നോട്ടുവെച്ചത്. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയും ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സെെനികത്താവളങ്ങളിലേക്കുള്ള ഇറാന് ആക്രമണവും തുടരുന്നതിനിടയില്‍ യുദ്ധം ജയിച്ചെന്ന ഏകപക്ഷീയവാദവുമായും ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തിയിരുന്നു.
ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയെയും മറ്റ് ചില പ്രമുഖ നേതാക്കളെയും അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതായിരുന്നു പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഇറാനില്‍ ഭരണമാറ്റം കൊണ്ടുവരാനാകും എന്നായിരുന്നു അമേരിക്ക കരുതിയത്. എന്നാല്‍ ഇറാന് ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു.
ആയത്തുള്ള അലി ഖമനയിയുടെ മകന് മൊജ്തബ ഖമനയിയെ ആണ് പരമോന്നത നേതാവായി ഇറാന് തെരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹം ഇതുവരെയും പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ആക്രമണങ്ങളിൽ അദ്ദേഹത്തിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഇറാന്റെ ഭരണസംവിധാനം ഇപ്പോള്‍ പുതിയ നേതൃത്വവുമായി ശക്തമായി തുടരുന്നുണ്ട്.
Content Highlights: US President Donald Trump has made the bizarre claim that the Iranian regime has invited him to become the next supreme leader of Iran.