ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിൽ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾക്കൂടി ഹോർമൂസ് കടലിടുക്ക് കടക്കും. കഴിഞ്ഞ 24 മണിക്കൂറുകളായി ഹോർമൂസിലെ പ്രധാന പാതയിലൂടെയുള്ള അസംസ്കൃത എണ്ണ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലും ഇന്ത്യൻ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് കടക്കാനാകുമെന്നാണ് സൂചന.
ഹോർമൂസ് മേഖലയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ നൂറുകണക്കിന് കപ്പലുകൾ നങ്കൂരമിട്ടിരുന്നു. എന്നാൽ ഇപ്പോൾ കപ്പലുകളുടെ യാത്ര പുനരാരംഭിച്ചെന്നാണ് റിപ്പോർട്ട്. റോയിട്ടേഴ്സ് ആണിത് റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഹോർമൂസ് കടലിടുക്ക് മാർഗം ചരക്കു കപ്പലുകളെ ഗൾഫ് കടക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇതോടെ ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനം തടസ്സപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലും യുഎഇലെ ഷാർജയ്ക്ക് സമീപം നിലയുറപ്പിച്ച രണ്ട് ഇന്ത്യൻ എൽപിജി ടങ്കറുകളായ പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നിവയ്ക്ക് ഹോർമൂസ് കടക്കാൻ കഴിയുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭിച്ചിട്ടില്ല. കഴിഞ്ഞയാഴ്ചയും ഇറാൻ രണ്ട് ഇന്ത്യൻ എൽപിജി ടങ്കറുകൾ ഹോർമൂസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിച്ചിരുന്നു.
Content Highlights: Two more India-bound LPG tankers to cross war-hit Strait of Hormuz