ടെൽഅവീവ്: ഇറാനെതിരായ ആക്രമണം വരുന്ന ആഴ്ച കൂടുതൽ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. പശ്ചിമേഷ്യയിലെ സൈനിക നീക്കങ്ങൾ പതിയെ കുറയ്ക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ടെൽഅവീവിലെ ഇസ്രയേൽ മിലിട്ടറി അണ്ടർഗ്രൗണ്ട് കമാൻഡ് സെന്ററിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
'ഇറാന്റെ ഭീകരവാദ ഭരണകൂടത്തിനെതിരെയുള്ള ആക്രമണം തുടരാൻ ഇസ്രയേൽ ബാധ്യസ്ഥമാണ്. അവരുടെ കമാൻഡർമാരുടെ തലയറുത്ത് തന്ത്രപരമായ നീക്കങ്ങളെ ചെറുത്ത് ഇസ്രയേലിന് നേരെയുള്ള സുരക്ഷാ ഭീഷണിയും യുഎസ് താത്പര്യങ്ങൾക്ക് വിരുദ്ധമായ എല്ലാ ഭീഷണിയെയും തുരത്തുന്നത് വരെ ഇത് തുടരുമെന്നും ഇസ്രയേൽ കാറ്റ്സ് വിശദീകരിച്ചു. ഇസ്രയേൽ സേനയയും ഇസ്രയേൽ സമൂഹവും കരുത്തരാണ്. ലക്ഷ്യമിട്ടകാര്യങ്ങളെല്ലാം നേടിയെടുത്ത ശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്നും കാറ്റ്സ് വ്യക്തമാക്കി.
ഇറാനെതിരെ ആക്രമണത്തിൻ്റെ പുതിയ ഘട്ടത്തിന് ഇസ്രയേൽ തുടക്കം കുറിക്കുന്നുവെന്ന സൂചനയാണ് പ്രതിരോധമന്ത്രി നൽകിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഞായറാഴ്ച മുതൽ ആക്രമണത്തിൻ്റെ സ്വഭാവം മാറിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlights: Israel Katz stated that Israel will significantly increase attacks on Iran and its regime targets amid ongoing conflict