'ഞങ്ങൾ ശക്തരാണ്, ആരും വേണ്ട'; ഹോർമുസ് തുറപ്പിക്കുന്നതിൽനിന്ന് സഖ്യരാജ്യങ്ങൾ കയ്യൊഴിഞ്ഞതോടെ ട്രംപ്

നാറ്റോയ്ക്ക് വിനാശകരമായ ഭാവിയായിരിക്കും ഉണ്ടാകുക എന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറപ്പിക്കാനായി സഖ്യരാജ്യങ്ങൾ സഹായിക്കാത്തതിനെ തുടർന്ന് അസ്വസ്ഥനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. തങ്ങൾക്ക് ആരും വേണ്ടെന്നും ശക്തരാണ് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറപ്പിക്കാൻ പടക്കപ്പലുകൾ അയക്കണമെന്ന ആവശ്യം നാറ്റോ സഖ്യരാജ്യങ്ങൾ കാര്യമാക്കാത്തതിനെ തുടർന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

'ഞങ്ങൾക്ക് ആരും വേണ്ട. ഞങ്ങളാണ് ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യം. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക സംവിധാനം ഞങ്ങൾക്കാണ് ഉള്ളത്' എന്നാണ് ട്രംപ് പറഞ്ഞത്. രണ്ട് ദിവസം മുൻപാണ് നാറ്റോ സഖ്യരാജ്യങ്ങളോട് പടക്കപ്പലുകൾ അയക്കാൻ ട്രംപ് ആവശ്യപ്പെട്ടത്. അയച്ചില്ലെങ്കിൽ നാറ്റോയ്ക്ക് വിനാശകരമായ ഒരു ഭാവിയായിരിക്കും ഉണ്ടാകുക എന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ നാറ്റോ സഖ്യരാജ്യങ്ങൾ ഇതിനെ കാര്യമാക്കാതെ തള്ളുകയാണ് ചെയ്തത്.

ജർമ്മനി, സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ ഉടനെത്തന്നെ ഈ ആവശ്യം നിരാകരിച്ചിരുന്നു. സംഘർഷം ആരംഭിക്കുന്നതിന് മുൻപായി യുഎസ് തങ്ങളെ ബന്ധപ്പെട്ടിരുന്നില്ലെന്നും സൈനികനടപടിക്ക് യുഎൻ, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവരുടെ അനുമതിയില്ലെന്നുമാണ് ജർമനി പറഞ്ഞത്.

എന്നാൽ സഖ്യകക്ഷികൾ കൈവിട്ടതിന് പിന്നാലെ ട്രംപ് മറ്റൊരു ന്യായീകരണവുമായി രംഗത്തെത്തി. യുഎസിന് ഒരു ആവശ്യമുള്ളപ്പോൾ നാറ്റോ രാജ്യങ്ങൾ സഹായിക്കുമോ എന്നറിയാനാണ് താൻ അത്തരത്തിൽ പറഞ്ഞത് എന്നായിരുന്നു ട്രംപ് പറഞ്ഞത്. അവർ എങ്ങനെയാണ് പ്രതികരിക്കുക എന്ന് തനിക്ക് അറിയണം. യുഎസിന് ഒരു ആവശ്യം വരുമ്പോൾ ആരും ഉണ്ടാകില്ല എന്നത് ഒരുപാട് വർഷമായി ഞാൻ പറയുന്നതാണ്. യുഎസ് ഒരുപാട് പണം ചെലവഴിച്ചാണ് സഖ്യകക്ഷികളെ സംരക്ഷിക്കുന്നത് എന്നും ട്രംപ് കൂട്ടിച്ചേർത്തു.

തന്റെ ആവശ്യം ആദ്യ നിരാകരിച്ച ബ്രിട്ടൻ പിന്നീട് അത് അംഗീകരിച്ചതായും ട്രംപ് പറഞ്ഞു. എന്നാൽ യുദ്ധം ഏറെക്കുറെ അവസാനിക്കും എന്നായപ്പോഴാണ് ബ്രിട്ടൻ സഹായവുമായി രംഗത്തെത്തിയത്. അതിനാൽ താൻ അത് നിരസിച്ചെന്നും അവരുടെ നടപടിയിൽ താൻ തൃപ്തനല്ല എന്നും ട്രംപ് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്നും അതിനായി ഫ്രാൻസ്, ചൈന അടക്കമുള്ള രാജ്യങ്ങളെല്ലാം യുദ്ധക്കപ്പലുകളും മറ്റും അയക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് ട്രംപ് പറഞ്ഞത്. കടലിടുക്ക് തുറക്കുന്നതിനും സുരക്ഷിതമായി നിലനിർത്തുന്നതിനും ഈ രാജ്യങ്ങൾ അമേരിക്കയ്‌ക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു. നാറ്റോ രാജ്യങ്ങളോടും ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവരോടുമായിരുന്നു ട്രംപ് യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ടത്.

Content Highlights: Donald Trump has expressed frustration over the lack of support from allied nations in efforts related to the Strait of Hormuz. Reacting strongly, Trump stated that the United States does not need assistance and emphasized the country’s strength.

To advertise here,contact us