നെതന്യാഹുവിന്റെ ചിത്രം പുറത്തുവിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ; പഴയ ചിത്രമെന്ന് ഗ്രോക്ക്

ഈ ചിത്രം പുതിയതല്ലെന്ന് എഐ ടൂളായ ഗ്രോക്ക്

ടെല്‍അവീവ്: ഇറാന്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ചിത്രം പുറത്ത് വിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്. ഒരു കമാന്‍ഡ് സെന്ററില്‍ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഫോണില്‍ സംസാരിക്കുന്ന നെതന്യാഹുവിന്റെ ചിത്രമാണ് അദ്ദേഹത്തിന്റെ ഓഫീസ് എക്‌സില്‍ പങ്കുവച്ചത്.

ഇറാനിയന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിക്കാന്‍ ഉത്തരവിടുന്ന പ്രധാനമന്ത്രി എന്നാണ് ചിത്രത്തിന് നല്‍കിയിരുന്ന അടിക്കുറിപ്പ്. എന്നാല്‍ ഈ ചിത്രം പുതിയതല്ലെന്നാണ് എഐ ടൂളായ ഗ്രോക്ക് സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി നാലിന് ഹാരെറ്റ്‌സ് എന്ന പത്രം ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്ക് നല്‍കിയ അതേ ചിത്രമാണിതെന്നും ഗ്രോക്ക് വ്യക്തമാക്കുന്നു.

അതേസമയം ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രായേല്‍ പ്രതിരോധ മന്ത്രിയാണ് അവകാശവാദവുമായി രംഗത്ത് എത്തിയത്. എന്നാല്‍ ഇറാന്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേലിന്റെ വാദം ശരിയാണെങ്കില്‍ ഇറാനെ സംബന്ധിച്ച് അത് കനത്ത തിരിച്ചടിയാണ്.

ഇറാന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം ആക്രണം നടത്തിയതായി ഇറാന്‍ ഡിഫന്‍സ് ഫോഴ്സ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വധിച്ചു എന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് രംഗത്തെത്തിയത്. മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയെന്നാണ് അവകാശവവാദം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല.

Content Highlights: Israel PM Benjamin Netanyahu’s office shared a photo amid viral death rumours, while Grok AI flagged it as an old image

To advertise here,contact us