ഇറാഖിൽ യുഎസ് സൈനിക വിമാനം തകർന്നുവീണ് നാല് സെെനികർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ അനുകൂല സംഘടന

അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന നാല് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു

ബാഗ്ദാദ്: ഇറാഖിൽ അമേരിക്കൻ സൈനിക വിമാനം തകർന്ന് വീണ് നാല് സെെനികർ കൊല്ലപ്പെട്ടു. ആറ് സൈനികർ സഞ്ചരിച്ച യുദ്ധവിമാനമാണ് ഇറാഖിൽ തകർന്ന് വീണത്. നാല് സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കെസി-135 ഏരിയൽ ടാങ്കറാണ് തകർന്ന് വീണത്. ദീർഘദൂര ദൗത്യങ്ങളിൽ യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഉപയോ​ഗിക്കുന്ന അമേരിക്കൻ ടാങ്കർ വിമാനമാണിത്.

മാർച്ച് 12ന് ഇറാഖിൻ്റെ പടിഞ്ഞാറൻ മേഖലയിൽ യുഎസ് സൈനിക വിമാനം തകർന്ന് വീണതായി യുഎസ് കമാൻഡ് റിപ്പോർട്ട് ചെയ്തിരുന്നു. വിമാനം തകർന്ന് വീണത്തിൻ്റെ പിന്നിൽ ശത്രു രാജ്യങ്ങളല്ലെന്നാണ് യുഎസ് കമാൻഡ് അറിയിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും അദേഹം വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തിൻ്റെ ഭാ​ഗമായ യുദ്ധവിമാനമാണിത്. ഒപ്പറേഷൻ എപ്പിക്ക് ഫ്യൂരിയുടെ ഭാ​ഗമായുള്ള ദൗത്യത്തിനിടെയാണ് വിമാനം തകർന്നതെന്നും യുഎസ് വ്യക്തമാക്കി. രണ്ട് വിമാനങ്ങൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒരു വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു, മറ്റൊന്ന് പടിഞ്ഞാറൻ ഇറാഖിന് മുകളിലൂടെ തകർന്നുവീണെന്നും യുഎസ് കമാൻഡ് എക്സ് പോസ്റ്റിലൂടെ അറിയിച്ചു.

അതേസമയം, ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഇസ്ലാമിക സംഘം വിമാനം തകർന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. റോയിട്ടേഴ്‌സാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ഇറാൻ പിന്തുണയുള്ള സായുധ വിഭാഗങ്ങളുടെ കൂട്ടായ്മയായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് ആണ് യുഎസ് ടങ്കർ വിമാനം തകർത്തതെന്ന് അവകാശപ്പെട്ടത്. എന്നാൽ അമേരിക്കയുടെ ഭാ​ഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

1950കളിലും 1960കളുടെ തുടക്കത്തിലും ബോയിംഗ് നിർമ്മിച്ച കെസി-135 യുദ്ധവിമാനം വളരെക്കാലമായി യുഎസ് സൈന്യത്തിന്റെ ഭാ​ഗമാണ്. യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറക്കുന്നതിനാണ് ഇത് ഉപയോ​ഗിക്കുന്നത്. ഇന്ധനത്തിനായി ലാൻഡ് ചെയ്യാതെ തന്നെ ദൗത്യങ്ങൾ വിപുലീകരിക്കാൻ യുഎസ് വിമാനങ്ങളെ പ്രാപ്തമാക്കുന്ന പ്രത്യേക സൈനിക ടങ്കർ വിമാനമാണ് കെസി-135.

Content Highlights: 4 killed as US military aircraft crashes in Iraq, Iran-backed group claims role

To advertise here,contact us