തെഹ്റാന്: ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി. മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും പൂട്ടണമെന്നും അല്ലെങ്കില്‍ അവയ്ക്ക് നേരെയുളള ആക്രമണം തുടരുമെന്നും മൊജ്തബ പറഞ്ഞു. രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷമുളള ആദ്യ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരും. മേഖലയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളും ഉടന്‍ പൂട്ടണം. അല്ലെങ്കില്‍ അവയ്ക്ക് നേരെയുളള ആക്രമണം തുടരും. അയല്‍ രാജ്യങ്ങളുമായുളള സൗഹൃദത്തിലാണ് ഇറാന് വിശ്വസിക്കുന്നത്. യുഎസ് കേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യംവയ്ക്കൂ. കൊല്ലപ്പെട്ട പരമോന്നത നേതാവിന്റേത് മുതല്‍ കുഞ്ഞുങ്ങള്‍ വരെയുളള രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും', മൊജ്തബ ഖമനയി പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്നും നഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാർച്ച് എട്ടിനാണ് ആയത്തൊള്ള ഖമനയിയുടെ പിന്‍ഗാമിയായി മകന് മൊജ്തബ ഖമനയിയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സംഘമാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മൊജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്സ്പേര്‍ട്സ് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
Content Highlights: 'We will avenge the blood of martyrs': Iran's new Supreme Leader Mojtaba Khamenei