തെഹ്റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്തബ ഖമനയിക്ക് പരിക്കേറ്റെന്ന വാർത്തയോട് പ്രതികരിച്ച് ഇറാൻ പ്രസിഡൻ്റിൻ്റെ മകൻ യൂസഫ് പെസെഷ്കിയാൻ. ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ മൊജ്തബയ്ക്ക് പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യൂസഫ് പെസെഷ്കിയാൻ്റെ പ്രതികരണം. മൊജ്തബ ഖമനയി സുരക്ഷിതനാണെന്ന് യൂസഫ് പെസെഷ്കിയാൻ പറഞ്ഞു. മൊജ്തബയ്ക്ക് പരിക്കേറ്റെന്ന വാർത്തകൾ പ്രചരിക്കുമ്പോഴും അദേഹം സുരക്ഷിതനായി സുഖമായിരിക്കുന്നുവെന്നാണ് യൂസഫ് പറഞ്ഞത്. ഇസ്റ്റഗ്രാം പോസ്റ്റിലൂടെ ആയിരുന്നു യൂസഫ് പെസെഷ്കിയാൻ്റെ പ്രതികരണം.
ഇറാനിയൻ സ്റ്റേറ്റ് ടിവിയാണ് മൊജ്തബ ഖമനയിക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തത്. റമദാൻ യുദ്ധത്തിലെ ജൻബാസ് എന്നാണ് മൊജ്തബ ഖമനയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ ഇറാനിയൻ ടിവി പുറത്ത് വിട്ടിരുന്നില്ല.
ഫെബ്രുവരി 28ന് തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൊജ്തബയുടെ പിതാവും ഇറാൻ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനയിയും മാതാവും സഹോദരിയും കുഞ്ഞും അടക്കം കൊല്ലപ്പെട്ടിരുന്നു. ഇത് പിന്നാലെയാണ് ആയത്തുള്ള ഖമനയിയുടെ പിന്‍ഗാമിയായി മുജ്തബയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങിയ വിദഗ്ധ സംഘമായിരുന്നു പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്സ്പേര്‍ട്സ് പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു.
Content Highlights: Iran’s new supreme leader ‘safe and sound’ despite injury reports