ബെഞ്ചമിൻ നെതന്യാഹുവും സഹോദരനും കൊല്ലപ്പെട്ടു?; ഊഹാപോഹവുമായി ഇറാനിയൻ മാധ്യമം

നെതന്യാഹുവിന്റെ സഹോദരൻ ഇദ്ദോ നെതന്യാഹു ടെൽഅവീവിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും പ്രചരിക്കുന്നുണ്ട്

ടെൽഅവീവ്: ഇറാനിയൻ മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഇറാനിയൻ മാധ്യമം തസ്‌നിം. നെതന്യാഹു പൊതുപരിപാടികളിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നതും അദ്ദേഹത്തിന്റെ വസതിയുടെ സുരക്ഷ കൂട്ടിയതും അപ്രതീക്ഷിതമായി ഉഭയകക്ഷി യാത്രകൾ മാറ്റിവച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് മാധ്യമത്തിന്റെ അവകാശവാദം.

ഇതിനൊപ്പം നെതന്യാഹുവിന്റെ സഹോദരൻ ഇദ്ദോ നെതന്യാഹു ടെൽഅവീവിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതേ ആക്രമണത്തിൽ ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രി ബെൻ ഗ്വിറിന് പരിക്കേറ്റതായും 'തസ്‌നി' റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടറും എഴുത്തുകാരനും റേഡിയോളജിസ്റ്റുമായി ഇദ്ദോ നെതന്യാഹു ജെറുസലേമിലെ ഹീബ്രു സർവകലാശാലയിൽ നിന്നുള്ള മെഡിസിൻ പഠനത്തിന് ശേഷം യുഎസിൽ പ്രവർത്തിക്കുകയായിരുന്നു.

അതേസമയം ഈ വാർത്തകളെല്ലാം വ്യാജമാണെന്ന തരത്തിലുള്ള പ്രചരണവും ശക്തമാണ്. ഖമനയിയുടെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇസ്രയേൽ പ്രധാനമന്ത്രി ജർമനിയിലേക്ക് കടന്നുവെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മാർച്ച് 9ന് ഇസ്രയേലിലെ ഏറ്റവും വലിയ തുറമുഖമായ അഷ്‌ഡോഡ് തുറമുഖത്തിൽ ഇസ്രയേൽ ഗതാഗത മന്ത്രി മിരി രേജവിനൊപ്പം നെതന്യാഹു സന്ദർശിച്ചിരുന്നു. മാത്രമല്ല ടെൽഅവീവിൽ നടന്ന ആക്രമണങ്ങളിൽ തകർന്ന പ്രദേശങ്ങളും അദ്ദേഹം സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിരുന്നു.

ഇതിനിടയിൽ മൊസാദ് മേധാവിയായ ഡേവിഡ് ബാർനീയയും കൊല്ലപ്പെട്ടതായി പ്രചരണങ്ങൾ ശക്തമാകുന്നുണ്ട്. ഈ വാർത്തകളെല്ലാം ഇറാന്റെ പ്രൊപ്പഗണ്ടയാണെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Iranian media outlets have circulated unverified claims that Israeli Prime Minister Benjamin Netanyahu and his brother Iddo were killed or injured in an air or drone attack

To advertise here,contact us