ബൈക്കുകള്‍ക്ക് രണ്ട് ലിറ്റര്‍ പെട്രോള്‍, കാറുകള്‍ക്ക് 10 ലിറ്റര്‍, ജീപ്പിന് 20-25; ബംഗ്ലാദേശില്‍ റേഷനിംഗ്

വിതരണത്തിനായി പമ്പുകളിൽ എത്തുന്ന എണ്ണയിൽ കുറവ് സംഭവിച്ചെന്ന് ഉടമകളും പറയുന്നു

ധാക്ക: യുഎസ് - ഇസ്രയേൽ - ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസപ്പെട്ടതോടെ ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ എണ്ണക്ഷാമം നിയന്ത്രിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. എണ്ണക്ഷാമം മുന്നിൽക്കണ്ട് വാഹനഉടമകൾ കൂട്ടത്തോടെ പമ്പുകളിൽ എത്തിയതോടെയാണ് വെള്ളിയാഴ്ചയോടെ അധികൃതർ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. എണ്ണയ്ക്കായി 95ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശിൽ ഇപ്പോൾ ഇരുചക്രവാഹനങ്ങൾക്ക് പരമാവധി ഒരു ദിവസം രണ്ട് ലിറ്റർ പെട്രോൾ മാത്രമേ ലഭിക്കു.

കാറുകൾക്ക് പത്ത് ലിറ്റർ, ജീപ്പ് - മിനി ബസുകൾ എന്നിവയ്ക്ക് 20 -25ലിറ്റർ, പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 70-80 ലിറ്റർ, ദീർഘദൂര വാഹനങ്ങൾക്കായി 220ലിറ്റർ ഡീസൽ വരെ ദിവസേന ലഭിക്കും. യുഎസ് ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡീലർമാരുടെ ഭാഗത്ത് നിന്നും ഇന്ധം പൂഴ്ത്തിവയ്ക്കാൻ ശ്രമം ഉണ്ടായെന്നും ആരോപണമുണ്ട്. അതേസമയം വിതരണത്തിനായി പമ്പുകളിൽ എത്തുന്ന എണ്ണയിൽ കുറവ് സംഭവിച്ചെന്ന് ഉടമകളും പറയുന്നു.

അതേസമയം ഇന്ധന ക്ഷാമം ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നുമാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മതിയായ ഇന്ധന സ്റ്റോക്ക് ഉണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് 9ന് ഇന്ധനങ്ങളുമായി രണ്ട് കപ്പലുകൾ രാജ്യത്ത് എത്തുമെന്ന് ഊർജമന്ത്രി ഇഖ്ബാൽ ഹസൻ മഹ്‌മൂദ് തുകു പറഞ്ഞു. ഒപ്പം കൂട്ടത്തോടെ പമ്പുകളിലേക്ക് എത്തരുതെന്ന നിർദേശവും അദ്ദേഹം തരുന്നുണ്ട്. പ്രധാനമന്ത്രിയെ നിലവിലെ സാഹചര്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹം സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Bangladesh imposes daily fuel rationing to control panic buying

To advertise here,contact us