വാഷിംഗ്ടൺ: ചൈനയ്ക്ക് ഒരിക്കൽ നൽകിയതുപോലുള്ള വലിയ സാമ്പത്തിക ഇളവുകൾ ഇന്ത്യയ്ക്ക് നൽകില്ലെന്ന് പ്രഖ്യാപിച്ച് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ. ചൈനയ്ക്ക് സാമ്പത്തിക ഇളവുകൾ നൽകിയത് അമേരിക്കയ്ക്ക് പറ്റിയ തെറ്റാണെന്നും അത് ഒരിക്കൽ കൂടി ആവർത്തിക്കില്ലെന്നും ക്രിസ്റ്റഫർ ലാൻഡൗ പറഞ്ഞു. ഇന്ത്യയ്ക്ക് സാമ്പത്തിക ഇളവുകൾ നൽകിയാൽ ചൈനയെ പോലെ വളർന്ന് അമേരിക്കയ്ക്ക് വെല്ലുവിളിയാകുമെന്നും ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ചൂണ്ടികാട്ടി. അതിനാൽ ഇന്ത്യയെ മറ്റൊരു ചൈനയാക്കാൻ യുഎസ് അനുവദിക്കില്ലെന്ന് അദേഹം പറഞ്ഞു.
അമേരിക്ക ഇന്ത്യയിൽ വലിയ വ്യാപാര സാധ്യതകൾ കാണുന്നുണ്ടെന്നും എന്നാൽ അതീവ ജാഗ്രതയോട് കൂടിയാണ് ഇന്ത്യയുമായി കരാറുകളിലും ചർച്ചകളിലും ഏർപ്പെടുന്നതെന്നും ക്രിസ്റ്റഫർ ലാൻഡൗ അറിയിച്ചു. പതിറ്റാണ്ടുകൾക്ക് മുൻപ് ചൈനയുമായി കരാറിലേർപ്പെടുന്നതിനേക്കാൾ ശ്രദ്ധയോടെയാണ് അമേരിക്ക ഇപ്പോൾ ഇന്ത്യയെ സമീപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.
ഇന്ത്യയുമായി അനന്തമായ വ്യാപാര സാധ്യതകൾ കാണുന്നുണ്ടെങ്കിലും എല്ലാത്തിനും പരിമിതികളുണ്ടെന്നും ചൈനയെ പോലെ ഇന്ത്യക്ക് ഇളവ് നൽകി പഴയ തെറ്റ് അമേരിക്ക ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. 20 വർഷങ്ങൾക്ക് മുൻപ് അമേരിക്ക നൽകിയ സാമ്പത്തിക ഇളവുകളാണ് ഇന്ന് ചൈനയെ വലിയ സമ്പത്തിക രാജ്യമാക്കി മാറ്റിയത്. ഇത് അമേരിക്കയ്ക്ക് തന്നെ വെല്ലുവിളിയായി. ഇതേ തെറ്റ് ഇന്ത്യയുടെ കാര്യത്തിൽ സംഭവിക്കില്ലെന്നും അദേഹം ആവർത്തിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം ഇന്ത്യയുമായി ഒപ്പിട്ട വ്യാപാര കരാറുകളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ഇക്കാര്യങ്ങൾ പരാമർശിച്ചത്. കഴിഞ്ഞ മാസം അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് അമേരിക്ക തീരുവ കുറച്ചത്. വർദ്ധിച്ചു വരുന്ന പശ്ചിമേഷ്യൻ സംഘർഷത്തെ കണക്കിലെടുത്ത് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അമേരിക്ക അനുമതി നൽകിയെന്നും ക്രിസ്റ്റഫർ ലാൻഡൗ പറഞ്ഞു.
Content Highlights: US Deputy Secretary of State Christopher Landau has announced that India will not be given the same large economic concessions as it once gave to China